Ticker

6/recent/ticker-posts

ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ അജണ്ട - മൂവാറ്റുപുഴ അഷ്റഫ് മൗലവി



ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.

ഭരണഘടനാനുസൃതമായി രാജ്യം നിലനില്‍ക്കണോ എന്നു തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ മതനിരപേക്ഷതയും മതസൗഹാര്‍ദവും തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് നിരന്തരം വമിക്കുന്നത്. ബിജെപിക്ക് മൂന്നാമൂഴം ലഭിക്കുന്നപക്ഷം രാജ്യം എങ്ങോട്ട് ചലിക്കും എന്നതിന്റെ ദുസ്സൂചനകളാണ് പ്രധാനമന്ത്രിയില്‍ നിന്നും യോഗി ആദിത്യനാഥില്‍ നിന്നും ആവര്‍ത്തിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാണ് ഭരണഘടനാ ഉത്തരവാദിത്വമുള്ളവര്‍ വംശീയത പ്രചരിപ്പിക്കുന്നത്.

രാജ്യത്തിന്റെ സര്‍വ്വ മൂല്യങ്ങളും തച്ചു തകര്‍ക്കപ്പെട്ട പത്തു വര്‍ഷത്തെ ഭരണമാണ് കഴിഞ്ഞുപോയത്. ജാതിമത ഭേദമന്യേ രാജ്യത്തിന്റെ ഭൂരിപക്ഷ ജനങ്ങളും മോദി സര്‍ക്കാരിന്റെ ഇരകളാക്കപ്പെട്ടിരിക്കുകയാണ്. ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ പൊതുകടം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു.

മോദി 2014 ല്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിന്റെ മൊത്ത വാര്‍ഷിക കടം 5.92 ലക്ഷം കോടി രൂപയായിരുന്നു. മോദി ഭരണം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന 2024 ല്‍ പൊതുകടം 16 ലക്ഷം കോടിയായി വര്‍ധിച്ചിരിക്കുകയാണ്. തൊഴില്‍ രാഹിത്യവും നിയമന നിരോധനവും നിലനില്‍ക്കുന്നു.

വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ലക്ഷക്കണക്കിന് ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ പ്രതിസന്ധിയാണ് പൗരസമൂഹം നേരിടുന്നത്. സാമ്പത്തിക അസമത്വം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദവും പൗരന്മാര്‍ക്ക് സുരക്ഷിതത്വവും ഉണ്ടാകാന്‍ ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയും മുന്നണിയെയും വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ വോട്ടവകാശം രാജ്യരക്ഷയ്ക്കായി വിനിയോഗിക്കണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി അഭ്യര്‍ഥിച്ചു.

 

Post a Comment

0 Comments