Ticker

6/recent/ticker-posts

പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു


​ദുബായ്: പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ നിസാർ വയനാട് (44) ദുബായിൽ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസമാണ് ഇയാൾ ദുബായിലെത്തിയത്. പനിയെ തുടർന്ന് ദുബായ് മൻഖൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
​അടുത്ത ദിവസങ്ങളിൽ സൗദി അറേബ്യയിലും യു.എ.ഇയിലുമായി വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നിരവധി ജനപ്രിയ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 'പ്രഫസർ ഡിങ്കൻ' എന്ന മലയാള ചിത്രത്തിലും ഒരു കന്നഡ സിനിമയിലും പിന്നണി ഗായകനായി പാടിയിട്ടുണ്ട്.
​ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണന്റെ ശബ്ദസാദൃശ്യത്തിലൂടെയാണ് ഗാനമേള വേദികളിൽ നിസാർ ഏറെ ശ്രദ്ധേയനായത്. മുൻപ് ബഹ്റൈനിൽ വെച്ച് ഉദിത്ത് നാരായണനൊപ്പം വേദി പങ്കിടാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
​പരേതനായ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.

Post a Comment

0 Comments