മേപ്പയ്യൂർ: പാഠപുസ്തകത്തിൽ നിന്ന് നേടിയ അറിവുകൾ പ്രായോഗികമായി കൃഷിയിടത്തിലേക്ക് പകർത്തി വീട്ടുമുറ്റത്ത് മികച്ച രീതിയിൽ ചെണ്ടുമല്ലി കൃഷി നടത്തി മാതൃകയാവുകയാണ് മേപ്പയ്യൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥി ദിജയ്.
സ്കൂളിലെ ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗത്തിൽ ‘മാസ്റ്റർ ഗാർഡനർ’ കോഴ്‌സ് പഠിക്കുന്ന ദിജയ്, പഠന സിലബസിന്റെ ഭാഗമായി ലഭിച്ച അറിവുകളും സ്വന്തം താൽപര്യവും പ്രയോജനപ്പെടുത്തി വീട്ടുമുറ്റത്ത് ജൈവരീതിയിൽ ചെണ്ടുമല്ലി കൃഷിയൊരുക്കുകയായിരുന്നു. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ മാസ്റ്റർ ഗാർഡനർ കോഴ്‌സിലൂടെ പഠിച്ച ശാസ്ത്രീയ അറിവുകൾ പ്രയോഗിച്ചതോടെ മിതമായ ചെലവിൽ മികച്ച വിളവ് നേടാനും ദിജയ്ക്കായി.
വീട്ടുവളപ്പിൽ ഒരുക്കിയ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് കുമാർ ആദ്യ വിളവെടുപ്പ് നിർവഹിച്ചു. വിദ്യാർത്ഥിയുടെ കൃഷിപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അധ്യാപകർ, ദിജയ് ഏറ്റെടുക്കുന്ന ഇത്തരം കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും തുടർന്നും നൽകുമെന്ന് അറിയിച്ചു.
പഠനത്തോടൊപ്പം കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും സ്വയംപര്യാപ്തതയും വളർത്തുന്നതിന് ഏറെ സഹായകരമാണെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു.
കൽപ്പത്തൂർ കൂരന്തരമേൽ യു.കെ. സുനിലിന്റെയും ദിൽനയുടെയും മകനാണ് ദിജയ്. മേപ്പയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥിയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.