ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാനിലെ ഒന്നിലേറെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
അക്രമണത്തിന് പിന്നാലെ ആഗോള എണ്ണവ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായി അടച്ചു. മേഖലയിലെ വൻ അരക്ഷിതാവസ്ഥ കണക്കിലെടുത്താണ് നടപടിയെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. എണ്ണ ടാങ്കറുകൾ, വാണിജ്യ കപ്പലുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം കപ്പലുകൾക്കും ഈ പാതയിലൂടെയുള്ള സഞ്ചാരത്തിന് ഇറാൻ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന കർശന മുന്നറിയിപ്പും ഇറാൻ നൽകി.
അതേസമയം, ആക്രമണത്തിൽ ഇറാനിലെ ഖഷം ദ്വീപ് ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ് തുറമുഖം, തെക്കൻ നഗരങ്ങളായ കാർഗൻ, സിരിക് എന്നിവിടങ്ങളിലാണ് പ്രധാനമായും സ്ഫോടനങ്ങൾ ഉണ്ടായത്. അമേരിക്കയുടെ പെട്ടെന്നുള്ള ഈ വ്യോമാക്രമണം പശ്ചിമേഷ്യയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.