Ticker

6/recent/ticker-posts

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്


കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരണപ്പെട്ടത്. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ മറ്റ് മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
അപകടം ബാക്കിവെച്ച പടക്കം പൊട്ടിക്കുന്നതിനിടെ
പുതിയ വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ബാക്കി വന്ന പടക്കങ്ങൾ ഒരു സ്ഥലത്ത് സൂക്ഷിച്ചുവെച്ച ശേഷമാണ് പ്രവർത്തകർ ഇവിടെ നിന്നും മടങ്ങിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന കുട്ടികൾ ഈ പടക്കങ്ങൾ എടുത്ത് പൊട്ടിക്കുകയായിരുന്നുവെന്നാണ് വിവരം.
വെടിമരുന്ന് വീണ്ടും നിറച്ച് തീ കൊളുത്തി
പടക്കങ്ങളിൽ നിന്നുളള വെടിമരുന്ന് ശേഖരിച്ച് കുട്ടികൾ വീണ്ടും നിറച്ചതായും, ഇതിന് തീക്കൊളുത്തി എറിയുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നും പറയപ്പെടുന്നു. തീ കൊളുത്തി എറിഞ്ഞ പടക്കങ്ങളിലൊന്ന് അമാന്റെ കഴുത്തിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
കഴുത്തിന് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments