കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഷവർമ്മ കടയിലേക്ക് വിതരണത്തിനെത്തിച്ച ചിക്കൻ തെരുവുപട്ടികൾ കടിച്ചുപറിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നടപടി. സംഭവത്തെ തുടർന്ന് കൊയിലാണ്ടി പഴയ സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന “ഓഫിക്സ് ഷവർമ്മ” സ്റ്റാളിന് രണ്ട് ദിവസത്തേക്ക് അടച്ചിടാൻ നോട്ടീസ് നൽകി. ചിക്കൻ എത്തിച്ചുനൽകിയ വിതരണ സ്ഥാപനത്തിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.
മൂടിയില്ലാത്ത പാത്രത്തിൽ പുറത്തുവെച്ച ചിക്കൻ; നാട്ടുകാർ കണ്ടതോടെ സംഭവം പുറത്തായി
കട തുറക്കുന്നതിന് മുൻപായി വിതരണക്കാർ എത്തിച്ച ചിക്കൻ മൂടിയില്ലാത്ത പാത്രത്തിൽ റോഡരികിൽ പുറത്തുവെച്ച നിലയിലായിരുന്നു. താമരശ്ശേരിയിലെ ഒരു ചിക്കൻ സെന്ററിൽ നിന്നെത്തിച്ച ഈ ഇറച്ചി തെരുവുപട്ടികൾ കൂട്ടത്തോടെ വന്ന് കടിച്ചുപറിച്ചു തിന്നുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന
വിവരമറിഞ്ഞ ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. ശ്വേതാ വേലായുധൻ, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വൃത്തിഹീനമായ രീതിയിൽ ചിക്കൻ കൈകാര്യം ചെയ്തതിനാണ് ഷവർമ്മ കട അടപ്പിച്ചത്. കൂടാതെ, ഇറച്ചി സുരക്ഷിതമല്ലാത്ത രീതിയിൽ വിതരണം ചെയ്തതിന് താമരശ്ശേരി ചിക്കൻ സെന്ററിനെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തങ്ങൾ നഗരസഭയെ വിവരം അറിയിച്ചിരുന്നുവെന്ന് കട ഉടമകൾ പ്രതികരിച്ചു. നഗരസഭാ ജീവനക്കാർ സ്ഥലത്തെത്തി ഈ ചിക്കൻ മുഴുവനായി ഇവിടെ നിന്നും മാറ്റിയിട്ടുണ്ടെന്നും കടയുടമകൾ വ്യക്തമാക്കി. എങ്കിലും ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.