കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ ഏറ്റവും നിർണ്ണായകമായ തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായി. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ ചൊവ്വാഴ്ച കേസിന്റെ വിസ്താരം നടക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ഈ വിവര പുറത്തുവന്നത്. സീൽ ചെയ്ത കവറിന് മുകളിൽ "ടൗവൽ കാണാനില്ല, എലി കരണ്ടു കൊണ്ടുപോയി" എന്ന് എഴുതിവെച്ചിരിക്കുകയായിരുന്നു.
വിസ്താരത്തിനിടെ തൊണ്ടിമുതൽ ഹാജരാക്കാൻ സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന കവർ എത്തിച്ചിരുന്നു. എന്നാൽ സീൽ ചെയ്ത കവർ കീറിയ നിലയിലായിരുന്നു. ഇത് മറ്റൊരു ബ്രൗൺ കവറിനുള്ളിൽ നിക്ഷേപിച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. ഇതിന് മുകളിലാണ് എലി കരണ്ടു കൊണ്ടുപോയെന്ന വിചിത്രമായ കുറിപ്പ് കണ്ടെത്തിയത്.
തൂവാലയ്ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന
ധർമ്മടം - ആണ്ടല്ലൂർ ഭാഗത്തെ റോഡിൽ നിന്നാണ് രക്തം പുരണ്ട നിലയിൽ ഈ തൂവാല പോലീസിന് ലഭിക്കുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്എസ് പ്രവർത്തകരുടെ മേൽ കെട്ടിവെക്കാനായി പ്രതികൾ ആസൂത്രിതമായി ഫസലിന്റെ രക്തം മുക്കി തൂവാല അവിടെ കൊണ്ടിട്ടതാണെന്നായിരുന്നു സിബിഐയുടെ പ്രധാന വാദം. ഈ നിർണ്ണായക തെളിവ് കോടതിയിൽ നിന്ന് കാണാതായത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
തൂവാല ആസൂത്രിതമായി മാറ്റിയതാണെന്ന് സിബിഐ ആരോപിക്കുമ്പോഴും, ഇതിന്റെ ഫോറൻസിക് റിപ്പോർട്ട് നേരത്തെ തന്നെ തെളിവായി സമർപ്പിച്ചിട്ടുള്ളതിനാൽ കേസ് തെളിയിക്കുന്നതിനെ ഇത് ബാധിക്കില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.