Ticker

6/recent/ticker-posts

കണ്ണൂരിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; യുവാവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാൻ ശ്രമം


​കണ്ണൂർ: സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശികളായ മൈമുന (51), ഇബ്രാഹിം സജ്മൽ അർഷാദ് (28), എ.കെ. അബ്ദുൽ കലാം (52) എന്നിവരും ഒരു 17-കാരിയുമാണ് ചക്കരക്കല്ല് പോലീസിന്റെ വലയിലായത്. കൊയ്യോട് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.
​സംഭവം ഇങ്ങനെ:
സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച 17-കാരി യുവാവിനെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയതോടെ മറ്റ് പ്രതികൾ സംഘടിച്ചെത്തി തടഞ്ഞുവെച്ചു. തുടർന്ന് യുവാവിനെ ഭീഷണിപ്പെടുത്തി വിവിധ രീതിയിലുള്ള ചിത്രങ്ങൾ നിർബന്ധപൂർവ്വം പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്.
​പോലീസിന്റെ തന്ത്രപരമായ നീക്കം:
പണം നൽകാൻ തയ്യാറാണെന്നും എന്നാൽ നാട്ടിലെത്തിയാൽ മാത്രമേ തുക നൽകാൻ കഴിയൂ എന്നും യുവാവ് സംഘത്തെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് പ്രതികൾ യുവാവിനൊപ്പം ചക്കരക്കല്ലിലെത്തി. ഇതിനിടെ യുവാവ് രഹസ്യമായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചക്കരക്കല്ല് പോലീസ് സംഘത്തെ വളയുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

Post a Comment

0 Comments