സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.
അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം . എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ കണ്ടക്ടർമാർ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവർ എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്ക് മത്സരിക്കാം. എന്നാൽ സി.ഡി.എസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്കും, കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വാടകയ്ക്കെടുത്തിട്ടുള്ളവർക്ക് മത്സരിക്കാം.
സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ കുടിശ്ശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ, സർവ്വീസ് സഹകരണസംഘങ്ങൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്ക്കാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യതയുണ്ടാകൂ.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർ എന്നിവർക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ് വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്ക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകമായിരിക്കും.
അഴിമതിയ്‌ക്കോ കൂറില്ലായ്മയ്‌ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവിട്ടതു മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർക്ക് അയോഗ്യനാക്കപ്പെട്ടതു മുതൽ ആറു വർഷം അയോഗ്യതയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്ക് അയോഗ്യതയുണ്ടാകും.
സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്‌സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാൻ പാടില്ല.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.