Ticker

6/recent/ticker-posts

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പൂര്‍ണ പരാജയം ഉറപ്പു വരുത്താന്‍ തന്ത്രങ്ങളുമായി എസ്ഡിപിഐ

കോഴിക്കോട്: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പൂര്‍ണ പരാജയം ഉറപ്പു വരുത്താന്‍ എസ്ഡിപിഐ തന്ത്രങ്ങള്‍ മെനയുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകത്തിലും പാര്‍ട്ടി മല്‍സരം രംഗത്തു നിന്ന് മാറിനിന്നേക്കും.

കേരളത്തിലും കര്‍ണാടകത്തിലും എസ്ഡിപിഐ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതത് സംസ്ഥാന ഘടകങ്ങളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യം പരിഗണിച്ച് കേരളത്തിലും കര്‍ണാടകത്തിലും മല്‍സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നറിയുന്നു.
സാധാരണ ഗതിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വളരെ നേരത്തേ തന്നെ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍, മല്‍സര രംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള ആലോനകള്‍ നടക്കുന്നതാണ് ഇക്കുറി പ്രഖ്യാപനം വൈകാന്‍ കാരണം. തിരഞ്ഞെടുപ്പ് സ്ട്രാറ്റജിക്ക് അന്തിമ രൂപം നല്‍കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ എസ്ഡിപിഐ കണ്‍വന്‍ഷനുകള്‍ നടക്കുന്നുണ്ട്. ഇത് തീരുന്നതോട് കൂടി പ്രഖ്യാപനമുണ്ടാവും.



കേരളത്തിലും കര്‍ണാടകത്തിലും ബിജെപിയെ തോല്‍പ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മുന്നണികള്‍ക്ക് എസ്ഡിപിഐ പിന്തുണ നല്‍കും. ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതേ തന്ത്രത്തിന്റെ ഭാഗമായാണ് പാര്‍ട്ടി തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയോടൊപ്പം ചേര്‍ന്നതെന്ന് കഴിഞ്ഞ ദിവസം അബ്ദുല്‍ മജീദ് ഫൈസി സൂചന നല്‍കിയിരുന്നു. നേരത്തേ ബിജെപിക്കൊപ്പമുണ്ടായിരുന്ന അണ്ണാ ഡിഎംകെക്ക് എസ്ഡിപിഐയുമായി സഖ്യം ചേര്‍ന്നതോട് കൂടി എന്‍ഡിഎയിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാക്കിയതായി അദ്ദേഹം പറഞ്ഞിരുന്നു. ദിണ്ടിഗല്‍ മണ്ഡലത്തിലാണ് എസ്ഡിപിഐ ഇവിടെ മല്‍സരിക്കുന്നത്.


നിലവില്‍ കേരളത്തില്‍ എല്‍ഡിഎഫ് ജയിച്ചാലും യുഡിഎഫ് ജയിച്ചാലും പിന്തുണ ഇന്ത്യ മുന്നണിക്ക് ആയിരിക്കും. അതുകൊണ്ട് തന്നെ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ക്ക് എസ്ഡിപിഐ പിന്തുണ നല്‍കിയേക്കും. 2019ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10 സീറ്റുകളില്‍ മല്‍സരിച്ച എസ്ഡിപിഐ പല മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം, തൃശൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ നിര്‍ണായകമാവും.

Post a Comment

0 Comments