Ticker

6/recent/ticker-posts

രാമക്ഷേത്ര പ്രതിഷ്ഠയുടെ ഉദ്ഘാടന ചടങ്ങുകള്‍ റിപോര്‍ട്ട് ചെയ്ത മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ ശൈലി പാര്‍ട്ടിക്കുള്ളിലും പുറത്തും ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുന്നില്ല.

കണ്ണൂര്‍: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് സ്ഥാപിച്ച രാമക്ഷേത്ര പ്രതിഷ്ഠയുടെ ഉദ്ഘാടന ചടങ്ങുകള്‍ റിപോര്‍ട്ട് ചെയ്ത മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ ശൈലി പാര്‍ട്ടിക്കുള്ളിലും പുറത്തും ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുന്നില്ല. വിവാദത്തില്‍ മുസ്ലിം ലീഗ് ദേശീയ വക്താവും പാര്‍ട്ടിയലെ ചന്ദ്രികയുടെ ചുമതലയുള്ള നേതാവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ കടുത്ത നടപടി സ്വീകരിച്ചതോടെ എഡിറ്റര്‍ കമാല്‍ വരദൂറിന്റെ കസേര തെറിക്കും. നേരത്തെ തന്നെ ചന്ദ്രിക എഡിറ്റര്‍ക്കെതിരെ പരാതി നിലനില്‍ക്കെയാണ്, മുസ്ലിം സമുദായം വൈകാരികമായി കാണുന്ന വിഷയത്തിലും എഡിറ്റര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നത്.

രാമക്ഷേത്ര പ്രതിഷ്ഠയുടെ വാര്‍ത്ത ഇടത് മാധ്യമങ്ങളായ ദേശാഭിമാനിയും ജനയുഗവും മുസ്ലിം പത്രങ്ങളായ മാധ്യമവും സുപ്രഭാതവും സിറാജും എല്ലാം, ബാബരി മസ്ജിദ് തകര്‍ത്തത് ഓര്‍മിപ്പിച്ചുള്ള രീതിയില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ചെയ്തപ്പോള്‍, ബാബരി മസ്ജിദ് എന്ന പേര് പോലും പരാമര്‍ശിക്കാതെ ഉള്‍പേജിലായിരുന്നു ചന്ദ്രിക വാര്‍ത്ത നല്‍കിയത്. പിറ്റേ ദിവസവും സമാന രീതിയിലാണ് ചന്ദ്രിക വാര്‍ത്ത കൈകാര്യംചെയ്തത്. ഇതാണ് വിവാദത്തിനും പരാതിക്കും ഇടയാക്കിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ലീഗ് അനുകൂലികളും രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യം ചര്‍ച്ചയാക്കി. കെ.ടി ജലീല്‍ എം.എല്‍.എ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയുംചെയ്തു. ഇതോടെ ചന്ദ്രികയുടെ നിലപാട് തള്ളി ഇ.ടി മുഹമ്മദ് ബഷീര്‍ പരസ്യമായി രംഗത്തുവരികയുണ്ടായി. ബാബരി മസ്ജിദ് തകര്‍ത്താണ് അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചത് എന്നത് വാര്‍ത്തയില്‍ ഉള്‍പ്പെടാത്തത് പോരായ്മയാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഒരു ഒത്തുകളിയുടെയും ഭാഗമായി സംഭവിച്ചതല്ലെന്നും വീഴ്ച വീഴ്ചയാണെന്നും എഴുതാപ്പുറം വായിക്കരുതെന്നും ഇ.ടി പ്രതികരിച്ചിരുന്നു.


അയോധ്യ പ്രതിഷ്ഠാദിവസം ചന്ദ്രികയുടെ പാര്‍ട്ടി സഹ ചുമതലയുള്ള മുസ്ലിം ലീഗ് നേതാവ് ഉമ്മര്‍ പാണ്ടികശാലയുമായി ആശയവിനിമയം നടത്തിയപ്പോള്‍, വലിയ പ്രകോപനം ഉണ്ടാക്കാത്ത വിധത്തില്‍ വാര്‍ത്ത തയാറാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ അയോധ്യ വാര്‍ത്ത തീര്‍ത്തും അവഗണിക്കുകയാണ് ഡെസ്‌ക് ചെയ്തത്. എ.എഫ്.സി ഏഷ്യന്‍ കപ്പ് റിപ്പോര്‍ട്ട്‌ചെയ്യാന്‍ പോയതിനാല്‍ സംഭവദിവസം എഡിറ്റര്‍ കമാല്‍ ഖത്തറിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അറിവോടെയാണ് വാര്‍ത്ത തമസ്‌കരിച്ചതെന്നാണ് പുറത്തുവന്ന സൂചനകള്‍. സാധാരണ റിപ്പോര്‍ട്ടര്‍മാര്‍ പോകേണ്ട അസൈന്‍മെന്റിന്, അതും ഏഷ്യന്‍ കപ്പ് റിപ്പോര്‍ട്ട്‌ചെയ്യാന്‍ എഡിറ്റര്‍ പദവിയിലുള്ളവര്‍ എന്തിന് പോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇ.ഡിയുടെ അന്വേഷണം ഭയന്നാണ് ബാബരി പള്ളിയെ ഒഴിവാക്കി സംഘ്പരിവരിവാരിനെ പ്രകോപിപ്പിക്കാത്ത വിധത്തില്‍ വാര്‍ത്ത നല്‍കിയതെന്ന വിമര്‍ശനങ്ങളും ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ചന്ദ്രിക എഡിറ്റര്‍ക്കെതിരെ നടപടിക്ക് ലീഗ് നിര്‍ബന്ധിതരായത്. എന്നാല്‍, പകരം പുതിയ പത്രാധിപരെ നിയമിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പുതിയ ആള്‍ വരാന്‍ സാധ്യതയില്ലെന്നും വാര്‍ത്തയുടെ ചുമതലയില്‍നിന്ന് കമാലിനെ നീക്കുകയാവും ചെയ്യുകയെന്നുമാണ് സൂചന.

സി.പി സൈതലവി വിരമിച്ച ഒഴിവില്‍ 2021 ഒക്ടോബറിലാണ് കമാല്‍ വരദൂരിനെ ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജായി മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചത്. 1996 ല്‍ ചന്ദ്രികയില്‍ ചേര്‍ന്ന കമാല്‍ വരദൂര്‍ 2015 മുതല്‍ ചീഫ് ന്യൂസ് എഡിറ്ററായിരുന്നു.

Post a Comment

0 Comments