Ticker

6/recent/ticker-posts

കോഴിക്കോട്ട് മുസ്ലിം സംഘടനകളുടെ നിർണ്ണായക യോഗം ; വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധം കടുപ്പിച്ച് കാന്തപുരം വിഭാഗം

 


കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത വിവിധ മുസ്ലിം സമുദായ സംഘടനകളുടെ യോഗം കോഴിക്കോട്ട് ആരംഭിച്ചു. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. വിഭാഗം സുന്നികളുടെ എതിർപ്പ് ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക യോഗം നടക്കുന്നത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കാന്തപുരം വിഭാഗം യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

പാർലമെന്റിന്റെ പരിഗണനയിലുള്ള ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ബിൽ, എസ്‍.ഐ.ആർ. തുടങ്ങിയ വിഷയങ്ങൾ ഔദ്യോഗികമായി ചർച്ച ചെയ്യാനാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളതെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വഖഫ് ബോർഡ് പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. പുനഃസംഘടനയിൽ സമുദായത്തിലെ വിവിധ സംഘടനകൾക്ക് നിലവിലുള്ള അതൃപ്തി യോഗത്തിൽ ശക്തമായി ഉയർന്നുവരുമെന്നാണ് സൂചന.

വഖഫ് ബോർഡിൽ അംഗത്വം ലഭിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് സമസ്ത എ.പി. വിഭാഗം. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഖഫ് ബോർഡിന് പകരമാവില്ലെന്ന് കേരള മുസ്ലിം ജമാഅത്തും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനവും മദ്രസ ക്ഷേമനിധി ബോർഡ് അംഗത്വവും നൽകിയാൽ പോലും അത് വഖഫിലെ അർഹമായ പ്രാതിനിജ്യത്തിന് പകരമാവില്ലെന്ന കർശന നിലപാടിലാണ് കാന്തപുരം വിഭാഗം ഉള്ളത്. വരുന്ന ഇരുപത്തിരണ്ടാം തീയതി പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നതിന് മുൻപ്, കാന്തപുരം വിഭാഗത്തിന്റെ ഈ കടുത്ത അതൃപ്തി പരിഹരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എന്നാൽ, യു.ഡി.എഫിന് എ.പി. വിഭാഗത്തോട് ധാർമ്മികവും രാഷ്ട്രീയവുമായ ബാധ്യതയുണ്ടെന്ന് കേരള മുസ്ലിം ജമാഅത്ത് നേതൃത്വം ശക്തമായി ആവർത്തിക്കുന്നു.

Post a Comment

0 Comments