Ticker

6/recent/ticker-posts

പോക്സോ കേസ് പ്രതിക്ക് പോലീസ് സംരക്ഷണമൊരുക്കുന്നുവെന്ന് ആക്ഷേപം; പയ്യോളി സ്റ്റേഷൻ മാർച്ച് നടത്തിയ എട്ട് പേർക്കെതിരെ കേസ്


പയ്യോളി: പോക്‌സോ കേസ് പ്രതിക്ക് പയ്യോളി പോലീസ് സംരക്ഷണമൊരുക്കുന്നുവെന്ന് ആരോപിച്ച് മണിയൂർ ജനകീയ കർമസമിതി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്ന് എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. അഹമ്മദ് സാലി മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹബാത്ത് ജൂന,  പി. സബീഷ്, പി.ടി.കെ. മുഹമ്മദലി മാസ്‌റ്റർ,എ.വി. ഗിമേഷ്, സജിത മഠത്തികുന്നുമ്മൽ, എം.എം. ഫാരിഷ, റിയാസ് തെക്കും കുനി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു പ്രതിഷേധ പ്രകടനവും മാർച്ചും നടന്നത്.
കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും പോലീസ് സ്റ്റേഷനിൽ മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് അതിക്രമിച്ചു കയറി മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിനും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്
 പതിമൂന്നുകാരിയായ പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ വടകര ബാങ്ക് റോഡ് ചങ്ങരോത്ത് റഫീഖിന് പോലീസ് ഒത്താശ ചെയ്യുന്നുവെന്നാണ് ജനകീയ കർമസമിതിയുടെ പ്രധാന ആരോപണം. കേസിൽ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട് നാട്ടിൽ തിരികെ വന്നാലുടൻ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
എന്നാൽ, ഇയാൾ നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് ജാമ്യം നേടിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ പോലീസ് അറിഞ്ഞുകൊണ്ട് സൗകര്യമൊരുക്കിയെന്നാരോപിച്ചാണ് കർമസമിതി സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും നിഷ്ക്രിയത്വവുമാണ് പ്രതിക്ക് ഒളിവിലിരിക്കാനും പിന്നീട് എളുപ്പത്തിൽ ജാമ്യം നേടാനും വഴിയൊരുക്കിയതെന്ന് സമരക്കാർ ആരോപിക്കുന്നു.
പത്തുമാസം മുമ്പാണ് അബ്ദുൾ റഫീഖിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ ഇയാൾ പെൺകുട്ടിയെ വീട്ടിൽ വെച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവും ഈ ക്രൂരകൃത്യത്തിന് കൂട്ടുനിന്നിരുന്നു. ഭീഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചും രണ്ട് വർഷത്തോളമാണ് ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്

Post a Comment

0 Comments