Ticker

6/recent/ticker-posts

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി എട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു


​തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ച എട്ടുപേരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെന്ന് സ്ഥിരീകരിച്ചു. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ തമിഴ്നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
​സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. മരിച്ച മറ്റ് മൂന്നുപേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
​ദേശീയപാതയിലെ അപകടം
​കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42 ഓടെയായിരുന്നു സംഭവം. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ   ഇടിച്ചുകയറുകയായിരുന്നു.
​ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടം നടന്നയുടൻ പ്രദേശവാസികളും പോലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എന്നാൽ എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments