കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാക്ഷരതാ മിഷൻ മുഖേന മുതിർന്ന പഠിതാക്കൾക്കായി നടത്തിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ 2026ൽ കോഴിക്കോട് ജില്ലയ്ക്ക് 77.5 ശതമാനം വിജയം. പരീക്ഷയെഴുതിയ 710 പേരിൽ 554 പേർ ഉന്നതപഠനത്തിന് അർഹത നേടി. വിജയികളിൽ 46 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും നാലുപേർ ഭിന്നശേഷിക്കാരുമാണ്. ജില്ലയിലെ 17 ഹയർസെക്കൻഡറി സ്‌കൂളുകളിലായി ഞായറാഴ്ചകളിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
പ്രായത്തെ തോൽപ്പിച്ചാണ് പല മുതിർന്ന പഠിതാക്കളും മികച്ച വിജയം നേടിയത്. കല്ലാച്ചി ജി.എച്ച്.എസ്.എസിലെ 73 കാരിയായ ലീല, കൊയിലാണ്ടി ജി.എച്ച്.എസ്.എസിലെ അരിക്കുളം സ്വദേശി 73 വയസുകാരൻ അപ്പു നായർ, നീലേശ്വരം ജി.എച്ച്.എസ്.എസിലെ 71 വയസുകാരൻ ചന്ദ്രൻ എന്നിവരാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിജയികൾ. മൂവരും മികച്ച ഗ്രേഡ് സ്വന്തമാക്കി ശ്രദ്ധേയരായി.
ചെറുപ്പകാലത്ത് വിദ്യാഭ്യാസം മുടങ്ങിയിട്ടും മുതിർന്ന പ്രായത്തിൽ പഠനം നടത്തി വിജയം വരിച്ച മുഴുവൻ പഠിതാക്കളെയും ജില്ലാ സാക്ഷരതാ മിഷൻ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മില്ലി മോഹനും കോഓഡിനേറ്റർ പി.എൻ. ബാബുവും അഭിനന്ദിച്ചു. വിജയികൾക്കുള്ള ജില്ലാതല അനുമോദന ചടങ്ങും ഡിഗ്രി പഠനത്തിനായുള്ള മാർഗ്ഗനിർദ്ദേശ ക്ലാസും സെപ്റ്റംബർ 30ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും. ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ നേതൃത്വത്തിലാണ് ഡിഗ്രി തുടർപഠന ക്ലാസുകൾ ഒരുക്കുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.