Ticker

6/recent/ticker-posts

നീറ്റ് പ്രതിഷേധക്കാർക്കെതിരായ വിവാദ പരാമർശം: ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം


തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ കേസിൽ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
​കേസിൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, വരുന്ന മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
​പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും കോടതി ഇത് തള്ളി. മുൻകൂട്ടി നോട്ടീസ് പോലുമില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണ നടപടികളുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.
​ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നുമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നടന്ന തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് രാത്രിയോടെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
​സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലായിരുന്നു കേസിനാസ്പദമായ പരാമർശങ്ങൾ. സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെക്കാൻ ഉത്തരവിടുമായിരുന്നു എന്നതുൾപ്പെടെയുള്ള പ്രകോപനപരമായ പ്രസ്താവനകളാണ് വീഡിയോയിലുണ്ടായിരുന്നത്. സംഭവത്തിൽ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി 10 ദിവസം മുൻപാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

0 Comments