കേരളത്തിന്റെ തനത് കലാ-കരകൗശല പൈതൃകവും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒരുമിച്ചുചേർത്ത് സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ‘പൂവിളി 2026’ ഓഗസ്റ്റ് 18 മുതൽ 30 വരെ സംഘടിപ്പിക്കുന്നു. ‘ഈ ഓണം സർഗാലയക്കൊപ്പം!’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ സന്ദർശകർക്ക് വ്യത്യസ്തമായ ഓണാനുഭവം സമ്മാനിക്കും.
ഓഗസ്ററ് 18 മുതൽ 24 വരെ ഓണാഘോഷത്തിന്റെ ഭാഗമായി കരകൗശല വികസന കമ്മീഷണർ, ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ പങ്കെടുക്കുന്ന ഗാന്ധി ശിൽപ് ബസാർ (Gandhi Shilp Bazar) ആണ് പ്രധാന ആകർഷണങ്ങളിലൊന്ന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗതവും ആധുനികവുമായ കരകൗശല ഉൽപ്പന്നങ്ങൾ നേരിട്ട് പരിചയപ്പെടാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ടാകും.
കേരളത്തിന്റെ തനത് രുചിവൈവിധ്യം പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കും. ഓണസദ്യ, മലബാർ സദ്യ തുടങ്ങി വിവിധ പരമ്പരാഗത ഓണവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും.
വൈകുന്നേരങ്ങളിൽ വിവിധ കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുന്ന ‘കലാവിരുന്ന്’ അരങ്ങേറും. ഓണത്തിന്റെ പാരമ്പര്യവും കേരളത്തിന്റെ ഗ്രാമീണ ജീവിതവും അവതരിപ്പിക്കുന്ന സെൽഫി പോയിന്റുകൾ , സർഗാലയയുടെ പരിസരത്തെ കൂടുതൽ മനോഹരമാക്കുന്ന പ്രത്യേക ദീപാലങ്കാരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും.
ഓണക്കാലത്ത് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായി കേരളത്തിന്റെ തനിമ നിറഞ്ഞ പ്രത്യേക ഓണം ഗിഫ്റ്റ് ഹാംപറുകളും സർഗാലയയിൽ ഒരുക്കുന്നുണ്ട്. സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും ഗ്രൂപ്പുകൾക്കുമായി പ്രത്യേക സമ്മാന പാക്കേജുകളും ലഭ്യമാകും.
ഇത്തവണത്തെ ആഘോഷത്തിന്റെ സവിശേഷതയായി സർഗാലയയിലെ കരകൗശല വിദഗ്ധർ ഓണത്തോടനുബന്ധിച്ച് ഒരുക്കുന്ന "തൃക്കാക്കരയപ്പൻ" എന്ന പരമ്പരാഗത കരകൗശല ഉൽപ്പന്നവും വിപണിയിലെത്തും. ഓണത്തിന്റെ സാംസ്കാരിക പ്രതീകമായി രൂപകൽപ്പന ചെയ്യുന്ന ‘തൃക്കാക്കരയപ്പൻ’ സർഗാലയയുടെ പ്രത്യേക ഓണം ഉൽപ്പന്നമായി അവതരിപ്പിക്കും.
വിവിധ സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ടൂർ ഗ്രൂപ്പുകൾക്കുമായി പ്രത്യേക ഓണം ആഘോഷ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ഓണസദ്യ, കലാപരിപാടികൾ, കരകൗശലയൂണിറ്റുകളിലെ സന്ദർശനം തുടങ്ങിയവ ഉൾപ്പെടുത്തി ഗ്രൂപ്പുകൾക്ക് അവരുടെ ഓണാഘോഷം സർഗാലയയിൽ സംഘടിപ്പിക്കാനുള്ള സൗകര്യമുണ്ടാകും.
കേരളത്തിന്റെ പാരമ്പര്യവും കലയും കരകൗശലവും രുചിയും ആഘോഷപ്പൊലിമയും ഒരുമിച്ച് അനുഭവിക്കാവുന്ന പൂവിളി 2026’-ലേക്ക് കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും കലാസ്നേഹികളെയും ഒരുപോലെ സർഗാലയ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.