Ticker

6/recent/ticker-posts

മൊബൈലുമായി വന്ന് സ്വകാര്യതയിലേക്ക് അതിക്രമിക്കുന്നത് അംഗീകരിക്കില്ല'; പാപ്പരാസി വ്ലോഗർമാർക്കെതിരെ നിയമനടപടിയുമായി പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ്‌ലിയ



പേരാമ്പ്ര: പൊതുപരിപാടികളിലെ സ്വകാര്യ നിമിഷങ്ങളും സ്വാഭാവിക ഇടപെടലുകളും അനുവാദമില്ലാതെ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യുന്ന വ്ളോഗർമാർക്കെതിരേ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എം.എൽ.എ ഫാത്തിമ തെഹ്‌ലിയ. വ്യക്തിപരമായ സംഭാഷണങ്ങൾ വളച്ചൊടിച്ച് ദൃശ്യങ്ങളാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് അവർ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ ശക്തമായ പ്രതികരണം. ഇത്തരം ഓൺലൈൻ ചാനലുകൾ തന്‍റെ പി.ആർ (PR) പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു.


ക്യാപ്ഷനുകൾ നൽകി പണം സമ്പാദിക്കുന്നു; അതീവ അപലപനീയം

ജനപ്രതിനിധി എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ആളുകളെ ചിത്രീകരണത്തിന് ചുമതലപ്പെടുത്താറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം നോക്കി, യാതൊരു തിരിച്ചറിയൽ രേഖയുമില്ലാതെ "മീഡിയ" എന്ന പേരിൽ ചിലർ അനധികൃതമായി കടന്നുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറയുന്നു.


സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി സെൻസേഷണലൈസ് (Sensationalize) ചെയ്യുകയാണ് ഇവർ. അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിച്ച്, അതിനെ മോണിറ്റയ്‌സ് ചെയ്ത് ലാഭമാക്കുന്ന പ്രവണത അതീവ അപലപനീയമാണെന്നും ഫാത്തിമ തെഹ്‌ലിയ കുറ്റപ്പെടുത്തി.


ഇത് വ്യക്തമായ സ്റ്റോക്കിങ്; നിയമനടപടി ഉണ്ടാകും

പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ടെന്ന് ഓർമ്മിപ്പിച്ച എംഎൽഎ, യാതൊരു കോഡ് ഓഫ് കോണ്ടക്റ്റും പാലിക്കാതെ മൊബൈൽ ഫോണുമായി എത്തി സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇത് തന്റെ മാത്രമല്ല, ഒപ്പമുള്ള വ്യക്തികളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. പ്രകോപിപ്പിക്കാനും അപമാനിക്കാനും ശ്രമിക്കുന്ന ഇത്തരം പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ സ്റ്റോക്കിങ്ങും പ്രൈവസി വയലേഷനും (Privacy Violation) ആയി കണക്കാക്കി കർശനമായ നിയമനടപടികളിലേക്ക് കടക്കുമെന്നും ഫാത്തിമ തെഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി

Post a Comment

0 Comments