ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കണക്കെടുത്ത് പരിഹാരം കാണും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കുടിശ്ശികയുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികള്‍ നിര്‍ത്തിയ സാഹചര്യമുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായാലേ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകൂ. എം.പിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ടുകള്‍ ആരോഗ്യ മേഖലയില്‍ ചെലവിടുന്നതിന് മുന്‍ഗണന നല്‍കണം. പുതിയ ചുവടുവെപ്പിനോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം സഹകരിച്ച് ഒരു കുടുംബമായി മുന്നോട്ടുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചികിത്സാ പിഴവുകള്‍ വരുമ്പോള്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടിയെടുക്കുക. കിഫ്ബി പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനുള്ളവ പൂര്‍ത്തിയാക്കും. എന്നാല്‍, പുതിയ പദ്ധതികള്‍ തുടങ്ങുന്നത് സംബന്ധിച്ച് നയപരമായേ തീരുമാനമെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശരീരം കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന വിര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കണമെന്ന ഷാഫി പറമ്പില്‍ എം.പിയുടെ ആവശ്യത്തോട് പ്രതികരിച്ച മന്ത്രി അത് നടപ്പാക്കുമെന്ന പ്രഖ്യാപനവും ചടങ്ങില്‍ നടത്തി.
വെള്ളയില്‍ മീനൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.പി, എം.എല്‍.എമാരായ അഡ്വ. പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള, എം എ റസാഖ് മാസ്റ്റര്‍, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, കെ എം അഭിജിത്ത്, വി.ടി സൂരജ്, സി കെ കാസിം, ഫൈസല്‍ ബാബു, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സഫറി വെള്ളയില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, ഐ.എസ്.എം ഡയറക്ടര്‍ ഡോ. കെ.എസ് പ്രിയ, ഹോമിയോ ഡയറക്ടര്‍ ഡോ. ഡോ. എംപി ബീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. പൊതുജനങ്ങളില്‍നിന്ന് മന്ത്രി നേരിട്ടും നേരത്തെ തയാറാക്കിയ കൗണ്ടറുകള്‍ വഴിയും പരാതി സ്വീകരിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുമായും ആരോഗ്യ പ്രവര്‍ത്തകരുമായും മന്ത്രി ചര്‍ച്ച നടത്തി. ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്, ചികിത്സാ ഉപകരണങ്ങള്‍, ഒഴിവുകള്‍ നികത്തല്‍, സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ നിയമനം, പുതിയ പോസ്റ്റുകള്‍ അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.