കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ കേസിൽ പിടിയിലായ ബിലാൽ ആണ് ഈ അന്താരാഷ്ട്ര ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസിന്റെ കണ്ടെത്തൽ. മോഡലിങ് രംഗത്ത് വൻ അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വലയിലാക്കി ദുബായിലേക്ക് കടത്തിയിരുന്നത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒരു ഡീലിന് ഒരു ലക്ഷം വരെ; ഗുണ്ടാ നേതാവിലേക്കും അന്വേഷണം
നിരവധി യുവതികളെ ഇത്തരത്തിൽ ബിലാൽ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഓരോ പെൺകുട്ടിയെ എത്തിക്കുമ്പോഴും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇയാൾക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്നും പ്രമുഖ ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഹവാല-ഗുണ്ടാ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മിഷണർ കൂട്ടിച്ചേർത്തു.
ദുബായ് ബന്ധം, പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്
ദുബായിൽ വെച്ചാണ് ബിലാൽ കേസിലെ മറ്റൊരു പ്രതിയായ സിന്ധുവുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടികളെ ദുബായിലെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കുന്ന സംഘം രൂപീകരിക്കുകയായിരുന്നു. ഈ നിയമവിരുദ്ധ ബിസിനസ്സിൽ നിന്നും വൻതോതിൽ പണം സമ്പാദിക്കാൻ തുടങ്ങിയതോടെ, ബിലാൽ ദുബായിലെ തന്റെ ജോലി ഉപേക്ഷിച്ച് പൂർണ്ണസമയ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.