അത്തോളി: അത്തോളി കണ്ണിപൊയിലിൽ പ്രവർത്തിക്കുന്ന 'എസ്.ആർ ഓയിൽ മില്ലിൽ' വൻ തീപിടുത്തം. ഇന്നലെ രാത്രി 11:30 യോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അഗ്നിബാധയിൽ മില്ലിനകത്തുണ്ടായിരുന്ന കൊപ്രയും തേങ്ങയും ശേഖരിച്ചുവെച്ചിരുന്ന 2000 ലിറ്ററോളം വെളിച്ചെണ്ണയും പൂർണ്ണമായി കത്തിനശിച്ചു. മലാപ്പറമ്പ് സ്വദേശി ഷൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഓയിൽ മിൽ.
ഇരുമ്പ് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച മില്ലായതിനാൽ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ്; നാല് മണിക്കൂർ നീണ്ട പോരാട്ടം
തീപിടുത്തമുണ്ടായ ഉടൻ തന്നെ കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്ന് കൂടുതൽ യൂണിറ്റുകളെ വിളിപ്പിക്കുകയായിരുന്നു.
കൊയിലാണ്ടിക്ക് പുറമെ നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നും ഓരോ യൂണിറ്റുകൾ കൂടി എത്തിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം തുടർന്നത്. മൊത്തം 5 യൂണിറ്റ് ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നാല് മണിക്കൂറോളം ദീർഘിച്ച കഠിനശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ ബിജു വി.കെ.യുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ASTO) അനിൽകുമാർ പി.എം, എസ്.എഫ്.ആർ.ഒ (SFRO) സജിൻ എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ (FRO) ലതീഷ്, ജാഹിർ എം, ഇർഷാദ് ടി.കെ, നിധിപ്രസാദ് ഇ.എം, ഷാജു കെ, സുജിത്ത് എസ്.പി, നവീൻ കുമാർ എന്നിവരും ഹോം ഗാർഡുമാരായ അനിൽകുമാർ കെ, ടി.പി. ബാലൻ, ഷൈജു, പ്രതീഷ് എന്നിവരും അടങ്ങുന്ന സംഘം തീയണയ്ക്കാൻ മുന്നിൽ നിന്നു.
ഇവർക്ക് പുറമെ സി.ഡി.വി (CDV) ആപ്തമിത്ര അംഗങ്ങളായ ഷാജി, റാഫി, മുഹമ്മദ് റാഫി എന്നിവരും നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര നിലയങ്ങളിൽ നിന്നുള്ള ഇരുപതോളം മറ്റ് സേനാംഗങ്ങളും ദൗത്യത്തിൽ പങ്കാളികളായി. വലിയൊരു ദുരന്തമാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയബന്ധിതമായ ഇടപെടലിലൂടെ ഒഴിവായത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.