Ticker

6/recent/ticker-posts

എല്ലാ വീട്ടുവളപ്പിലും ഓരോ വൃക്ഷത്തൈ 'ഗ്രീനിങ്ങ് പയ്യോളി'ക്ക് തുടക്കമായി.

പയ്യോളി: നഗരസഭ പരിധിയിലെ എല്ലാ വീട്ടുവളപ്പിലും ഓരോ വൃക്ഷത്തൈ നട്ട് പരിപാലിക്കുന്ന പദ്ധതിയായ 'ഗ്രീനിങ്ങ് പയ്യോളി'ക്ക് തുടക്കമായി. പയ്യോളി നഗരസഭയ്ക്ക് കീഴിൽ 'പരിസ്ഥിതി പയ്യോളി'യുടെ സഹകരണത്തോടെ 'ട്രീബ്യൂട്ട് ബൈ സ്റ്റോറീസ്' ആണ് പദ്ധതി നടപ്പിലാക്കുന്നത്. മാവ്, പ്ലാവ്, റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, അവക്കാഡോ, പേരക്ക, സപ്പോട്ട തുടങ്ങിയ നാടൻ ഫലവൃക്ഷ തൈകളാണ് നടുക. 
നഗരസഭയിലെ വീടുകളിലേക്ക് ഒരു സംഘം വന്ന് കുഴിയെടുത്ത്, വൃക്ഷത്തൈ നട്ട്, മണ്ണുമൂടി, ആദ്യ നന നനച്ച് പോവുകയാണ് ചെയ്യുക. വീട്ടുടമ പിന്നീട് ആ തൈ നനച്ച് സംരക്ഷിച്ചാൽ മതി. ഇങ്ങനെ ഈ സംഘം ഒരു ദിവസം 30 മുതൽ 45 വരെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടും. തൈ നടുന്ന വീട്ടിലെ ഗൃഹനാഥനെ വൃക്ഷതൈയുടെ ഉടമയായും രണ്ട് കുടുംബാംഗങ്ങളെ സംരക്ഷകരായും കരുതി അവരുടെ ഫോൺ നമ്പറുകൾ ഇവർ ശേഖരിക്കും. ആവശ്യമായ ഫോളോ അപ്പ് നടത്തുകയും ചെയ്യും.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സന്റെ വീട്ടുവളപ്പിൽ വച്ച് ചെയർപേഴ്സൺ എൻ സാഹിറ അവക്കാഡോ തൈ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. പരിസ്ഥിതി പയ്യോളിയുടെ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ട്രീ ബ്യൂട്ട് കോ-ഓർഡിനേറ്റർ എം റസീല പദ്ധതി വിശദീകരിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു ഹരിത സന്ദേശം നൽകി. വാർഡ് കൗൺസിലർമാരായ നിഷാ ഗിരീഷ്, എം ടി നിഹാൽ, പി വി നിതീഷ്, പരിസ്ഥിതി പയ്യോളിയുടെ സെക്രട്ടറി വിജയൻ പെരിങ്ങാട്, രാജൻ കൊളാവിപ്പാലം, എൻ കെ ശശി, അനിൽകുമാർ ഇരിങ്ങൽ മുസദിക്ക് പയ്യോളി, കെ പി വഹാബ്, മുഹമ്മദ് റാഫി, സനീജ നൗഫൽ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കണിയാറിക്കൽ പരിസ്ഥിതി കവിത ചൊല്ലി.
ആദ്യദിവസം 40 വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു. വരും ദിവസങ്ങളിൽ ഒന്നിലേറെ സംഘങ്ങൾ വന്നു വൃക്ഷത്തൈകൾ നടും.
 .

Post a Comment

0 Comments