തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്ക് വൻ തിരിച്ചടി. പുതുതലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന പാർട്ടിയുടെ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായി, മുൻനിരയിൽ നിന്നിരുന്ന പല യുവനേതാക്കളെയും ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഭരണത്തുടർച്ച ഉറപ്പാക്കാൻ പരിചയസമ്പന്നരെ തന്നെ കളത്തിലിറക്കാനാണ് പാർട്ടി തീരുമാനം.
പട്ടികയിൽ ഇടംപിടിക്കാത്ത യുവമുഖങ്ങൾ:
എം. സ്വരാജ്: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ എം. സ്വരാജിന്റെ അഭാവം പട്ടികയിലെ ഏറ്റവും വലിയ സർപ്രൈസായി. ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും പാർട്ടിയുടെ പ്രധാന മുഖമായ സ്വരാജിനെ ഒഴിവാക്കിയത് അണികൾക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ചിന്താ ജെറോം: ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും യുവജന കമ്മീഷൻ മുൻ അധ്യക്ഷയുമായ ചിന്താ ജെറോമിനെയും ഇത്തവണ പരിഗണിച്ചില്ല.
വി.പി. സാനു: എസ്.എഫ്.ഐ മുൻ ദേശീയ പ്രസിഡന്റും നിലവിൽ മലപ്പുറം ജില്ലാ കമ്മറ്റി അംഗവുമായ സാനുവിനെയും പട്ടികയിൽ നിന്ന് ഒഴിവാക്കി.
ഇവർക്ക് പുറമെ ഡി.വൈ.എഫ്,ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ, തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയ യുവനേതാക്കൾക്കും ഇത്തവണ മത്സരിക്കാൻ അവസരം ലഭിച്ചില്ല. യുവനിരയിൽ നിന്ന് മട്ടന്നൂരിൽ മത്സരിക്കുന്ന വി.കെ. സനോജിന് മാത്രമാണ് പുതുതായി അവസരം ലഭിച്ചത്.
ഭരണത്തുടർച്ചയ്ക്കായി സിറ്റിങ് എം.എൽ.എമാർക്കും പരിചയസമ്പന്നർക്കും മുൻഗണന നൽകിയപ്പോൾ യുവനേതാക്കൾക്ക് പിന്തള്ളപ്പെടേണ്ടി വന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.