Ticker

6/recent/ticker-posts

അക്ഷരമുറ്റത്ത് സ്നേഹക്കൂട് തുറന്നു സ്നേഹസംഗമം


നന്തി ബസാർ: ചിങ്ങപുരം സി.കെ.ജി.എം. ഹൈസ്കൂളിൽ 'ഓർമ്മക്കൂട്' നടന്നു
​ചിങ്ങപുരം: നാലര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗഹൃദത്തിന്റെ കളിചിരികളുമായി  സി.കെ.ജി.എം. ഹൈസ്കൂളിലെ 1978 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്നു. വിദ്യാലയ ഓഡിറ്റോറിയത്തിൽ നടന്ന 'ഓർമ്മക്കൂട് ' സംഗമം പഴയകാല സ്മരണകളുടെയും ആദരവിന്റെയും വേദിയായി മാറി.
​സ്കൂൾ ഹെഡ്മിസ്ട്രസ് സജിത ഒ.ടി. സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാലയ സ്മരണകൾ നിലനിർത്തുന്ന ഇത്തരം കൂട്ടായ്മകൾ പുതിയ തലമുറയ്ക്കും മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ സുരേഷ് ബാബു എടക്കുടി ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.
​തങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പ്രിയ ഗുരുനാഥന്മാരെ ശിഷ്യർ ആദരവോടെ വരവേറ്റു. പൂർവ്വ അധ്യാപകരായ മനയിൽ നാരായണൻ, ടി. ചന്തു, കെ. ഹുസ്സയിൻ, പി.കെ. ശ്രീധരൻ, വള്ളിൽ നാരായണൻ, കണ്ണോത്ത് നാരായണൻ, പ്രമീള, രാജമ്മ, പത്മിനി എന്നിവർ ചടങ്ങിൽ സംസാരിക്കുകയും പഴയകാല അധ്യാപന അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
​പതിറ്റാണ്ടുകൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയ സഹപാഠികൾ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവെച്ചും വിശേഷങ്ങൾ കൈമാറിയും സമയം ചിലവഴിച്ചു. ചടങ്ങിൽ പി. രാമകൃഷ്ണൻ സ്വാഗതവും പി. ആയിഷ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നിനും വിവിധ കലാപരിപാടികൾക്കും ശേഷം വീണ്ടും കാണാമെന്ന ഉറപ്പോടെയാണ് 'ഓർമ്മക്കൂട്' സംഗമം അവസാനിച്ചത്.

Post a Comment

0 Comments