Ticker

6/recent/ticker-posts

വാട്ട്‌സ്ആപ്പ് ബന്ധം: ബിരിയാണി കഴിച്ച് കൈ കഴുകാൻ പോയ യുവാവിന്റെ സ്കൂട്ടറുമായി കാമുകി മുങ്ങി

 


കൊച്ചി: വാട്ട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയുമായി കൂടിക്കാഴ്ച നടത്തിയ യുവാവിന് തന്റെ പുത്തൻ സ്‌കൂട്ടർ നഷ്ടമായി. ഭക്ഷണം കഴിച്ച ശേഷം യുവാവ് കൈ കഴുകാനായി പോയ തക്കം നോക്കി യുവതി സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24-കാരനാണ് തട്ടിപ്പിനിരയായത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏകദേശം ഒരു മാസം മുൻപാണ് തെറ്റായ ഒരു സന്ദേശത്തിലൂടെ 24-കാരനും യുവതിയും തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നത്. ഇത് പിന്നീട് പ്രണയബന്ധത്തിലേക്ക് വഴിമാറി.ഇരുവരും ആദ്യമായി കൊച്ചിയിലെ ഒരു പ്രമുഖ മാളിൽ വെച്ച് കാണാൻ തീരുമാനിച്ചു. മൂന്ന് മാസം മുൻപ് വാങ്ങിയ സ്കൂട്ടറിലാണ് യുവാവ് മാളിൽ എത്തിയത്.

മാളിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിരുന്ന വാഹനം, അടുത്തുള്ള കടയുടെ സമീപത്തേക്ക് മാറ്റി വെക്കാൻ യുവതി നിർബന്ധിച്ചു. ഇത് ചെയ്ത ശേഷമാണ് യുവതി യുവാവിനെ കാണാൻ തയ്യാറായത്.ചാറ്റ് ചെയ്യുന്ന സമയത്ത് ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. നേരിട്ട് കണ്ടപ്പോൾ മാത്രമാണ് യുവതിക്ക് പ്രായം കൂടുതലാണെന്ന് യുവാവ് മനസ്സിലാക്കിയത്. അതേസമയം, യുവതിക്ക് ഇരുവരുടെയും പ്രായം ഒന്നാണെന്നായിരുന്നു ധാരണ.

തുടർന്ന് ഇരുവരും മാളിലെ ഫുഡ് കോർട്ടിൽ പോവുകയും, യുവാവിന്റെ ചെലവിൽ ബിരിയാണിയും ജ്യൂസും കഴിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ച ശേഷം യുവാവ് കൈ കഴുകാനായി പോയ ഈ അവസരം മുതലെടുത്ത് യുവതി സ്കൂട്ടറിന്റെ താക്കോലുമായി മുങ്ങുകയായിരുന്നു.യുവതിക്കായി പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി വരുന്നു

Post a Comment

0 Comments