Ticker

6/recent/ticker-posts

വഖഫ് നിയമം : ഹിന്ദു ധനവിനിയോഗ ബോര്‍ഡുകളിലെ മുസ് ലിംകളെ നിയമിക്കുമോ? കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. വാദം തുടരും

കേന്ദ്ര വഖഫ് കൗണ്‍സിലില്‍ അമുസ് ലിംകളെ നിയമിക്കാനുള്ള വ്യവസ്ഥകളടക്കമുള്ള വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതി. ഹിന്ദു ധനവിനിയോഗ ബോര്‍ഡുകളിലെ മുസ് ലിംകളെ നിയമിക്കുമോയെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

കോടതികള്‍ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ അവ വഖഫ് മുഖേനയുള്ളതോ, ആധാരം മുഖേനയുള്ളതോ ആകട്ടെ, ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആകില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സ്വത്തുക്കളില്‍ നിലവിലെ സ്ഥിതി തുടരണം. വഖഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെയും എക്‌സ്-ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ എല്ലാവരും മുസ്ലിംകളായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് കലക്ടര്‍ അന്വേഷണം നടത്തുന്ന കാലയളവില്‍ അവ വഖഫ് ആയി കണക്കാക്കില്ലെന്ന നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

കലക്ടര്‍മാര്‍ക്ക് നിയമനടപടിയുമായി മുന്നോട്ടുപോകാം, എന്നാല്‍ തീരുമാനം എടുക്കുന്നത് കോടതിയാവും എന്നും സുപ്രിംകോടതി അറിയിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ ഇല്ലാത്ത ഭൂമി എങ്ങനെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ഉപയോഗം വഴി വഖഫായ ഭൂമികള്‍ അതല്ലാതാക്കിയാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ആശങ്കപ്പെടുന്നതായും കോടതി വിലയിരുത്തി.

ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്ന തലവനും ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് 73 ഹരജികള്‍ പരിഗണിച്ചത്. വഖഫ് ഭേദഗതി നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു. ഭേദഗതിയില്‍ അംഗീകരിക്കാനാവുന്നതും ആവാത്തതുമായ കാര്യങ്ങളുണ്ട്.
കോടതി പല ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൃത്യമായ ഉത്തരം നല്‍കിയില്ല.

തര്‍ക്ക ഭൂമിയിലെ പ്രശ്‌നങ്ങളില്‍ കലക്ടര്‍ക്ക് തീരുമാനം എടുക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചപ്പോള്‍ വഖഫ് ഭൂമിയില്‍ തര്‍ക്കം ഉണ്ടായാല്‍ കലക്ടര്‍ എങ്ങനെ തീരുമാനമെടുക്കുമെന്നും വഖഫ് സ്വത്ത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ തീരുമാനമെടുക്കുന്നത് ന്യായമാണോ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. സംരക്ഷിത സ്മാരകങ്ങള്‍ വഖഫായി കണക്കാക്കാന്‍ ആകില്ലെന്നും പുരാതന സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. തിരുപ്പതി ബോര്‍ഡില്‍ അഹിന്ദുക്കള്‍ ഉണ്ടോ എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. 13ഉം 14ഉം 15ഉം നൂറ്റാണ്ടിലെ പുരാതന മസ്ജിദുകള്‍ക്ക് രേഖകള്‍ എങ്ങനെ ഉണ്ടാകുമെന്നും കോടതിയുടെ ചോദ്യം
. വഖഫുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജികളില്‍ നാളെയും വാദം തുടരും.

Post a Comment

0 Comments