Ticker

6/recent/ticker-posts

പയ്യോളിയിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പൊടിച്ച് സൂക്ഷിച്ച് വിവിധ ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വിതരണം ചെയ്തിരുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി.

പയ്യോളി : പൂപ്പൽ പിടിച്ചതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പൊടിച്ച് സൂക്ഷിച്ച് വിവിധ ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വിതരണം ചെയ്തിരുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. പയ്യോളിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി
 
പയ്യോളി ഐ.പി.സി. റോഡിൽ പ്രവർത്തിച്ചിരുന്ന "ഷിറിൻ ഫുഡ്സ്” എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇവിടെ കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബൺ, റസ്ക് എന്നിവ പൊടിച്ച് സൂക്ഷിച്ച് കട്ലറ്റ്, എണ്ണക്കടികൾ ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വിതരണം ചെയ്തിരുന്നതായി കണ്ടെത്തി.
ഗുണനിലവാരമില്ലാത്തതും പൂപ്പൽ ബാധിച്ചതുമായ ഏകദേശം 3000 കിലോഗ്രാം ബ്രഡ് ക്രംസ്, 500 കിലോഗ്രാം ചപ്പാത്തി,ബൺ, ബ്രെഡ് തുടങ്ങിയവ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തി. കാലിത്തീറ്റ നിർമ്മിക്കുന്നതിനായെന്ന പേരിൽ വ്യാപാരികളിൽ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നും കാലാവധി കഴിഞ്ഞതും പൂപ്പൽ പിടിച്ചതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ബംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലുമായി നിന്ന് പോലും ഇത്തരം ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


സംഭവത്തിൽ ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ നിയമപരമായ സാമ്പിളുകൾ ശേഖരിക്കുകയും ഭക്ഷ്യവസ്തുക്കൾ സീസ് ചെയ്യുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കുന്നതോടെ ക്രിമിനൽ കോടതിയിലേക്കുള്ള നിയമനടപടികൾ ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഇത്തരത്തിൽ ദുരൂഹമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതായി സംശയകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട്  അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

Post a Comment

0 Comments