ഊരള്ളൂർ: ശരീരത്തിൽ ഹൃദയത്തിൻ്റെ സ്ഥാനമാണ് പള്ളികൾ സമൂഹത്തിൽ നിർവഹിക്കേണ്ടതെന്നും, ദൈവീകാരാധനകളോടൊപ്പം
തന്നെ സഹജീവികളോടുള്ള ബാധ്യതകളും പ്രധാനമാണെന്നും സകാത്തും മറ്റു ദാനധർമ്മങ്ങളുമൊക്കെ ഉചിതമായ രൂപത്തിൽ നടപ്പാക്കാൻ മഹല്ല് നേതൃത്വങ്ങൾ ശ്രദ്ധിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ.
നമ്മുടെ വിശ്വാസവും ആചാരവും നമുക്ക് ശരിയാണെങ്കിൽ, മറ്റുള്ളവർക്കും അതേ ശരികളുണ്ടെന്നും സാമൂഹ്യ ജീവിതത്തിൽ എല്ലാവരേയും സമഭാവനയോടെ കാണണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
പുനർ നിർമ്മിച്ച ഊട്ടേരി ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ തിന്മകളും, കുടുംബ ശൈഥില്യങ്ങളും ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് നാടിനെ തള്ളിവിടുമ്പോൾ പള്ളികളും, മഹല്ല് സംവിധാനങ്ങളും മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് ഇത്തരം പ്രവണതകൾക്കെതിരേ പ്രവർത്തിക്കുന്നവരുടെ മുൻനിരയിലുണ്ടാവണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജംഇയത്തുൽ ഉലമായേ ഹിന്ദ് സെക്രട്ടറിയും, പ്രമുഖ പ്രഭാഷകനുമായ ഉസ്താദ് അലിയാർ ഖാസിമി ആഹ്വാനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് വി പി അബ്ദുറഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നിസ്വാർത്ഥ പൊതുപ്രവർത്തനത്തിലൂടെ മാതൃകയായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ കെ എൻ അടിയോടിയെ ആദരിക്കുന്ന ചടങ്ങും ദാറുന്നുജൂം സ്നേഹ വീടിൻ്റെ ശിലാസ്ഥാപനവും നടന്നു.
ടി കെ ഫാറൂഖ്, ഫൈസൽ പൈങ്ങോട്ടായി, പി പി സിദ്ദീഖ്, ഡോ. ടി അബ്ദുറാസിഖ്, ഇബ്രാഹിം പന്തിരിക്കര, എം പ്രകാശൻ, ശശി ഊട്ടേരി, ആയിശ ടീച്ചർ, സി നാസർ, ടി താജുദ്ദീൻ, ദിവാകരൻ മാസ്റ്റർ, സി നാസർ, പി രംഗീഷ്, എം എം സമീർ, ജെ എൻ പ്രേംഭാസിൻ, സുകുമാരൻ മാസ്റ്റർ, പി കെ ഇബ്രാഹിം, ടി ഇമ്പിച്ച്യാലി, കെ മുഹമ്മദ് അഷ്റഫ്, അമ്മത് എടച്ചേരി, കെ എം നജീദ് തുടങ്ങിയവർ സംസാരിച്ചു.
മൂന്ന് ദിവസങ്ങളായി വിവിധ സെഷനുകളോടെ നടന്ന ഉദ്ഘാടന പരിപാടികളിൽ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറുമുൾപ്പെടെയുളളവരും സൗഹൃദം പങ്കിടാനെത്തിയിരുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.