Ticker

6/recent/ticker-posts

പേരാമ്പ്രയിലെ പൈപ്പ് പൊട്ടൽ: മന്ത്രിയുടെ അടിയന്തര ഇടപെടലിൽ ജലവിതരണം യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിച്ചു



തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയിൽ കേരള വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾക്കിടെ ജലസംഭരണിയിലേക്ക് ജലമെത്തിക്കുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്ന് തടസ്സപ്പെട്ട ജലവിതരണം സമയബന്ധിതമായി പുനഃസ്ഥാപിച്ചു.

2026 നവംബർ 26-ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പേരാമ്പ്രയിൽ പൈപ്പ് പൊട്ടുകയും വളരെ ഉയരത്തിൽ ജലം ചീറ്റിത്തെറിക്കുകയും ചെയ്തത്. മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ഗുരുതരമായ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് പ്രശ്നപരിഹാരത്തിന് വേണ്ടി നേരിട്ട് ഇടപെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടായത്.

കേരള വാട്ടർ അതോറിട്ടിയുടെ ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടാൻ മന്ത്രി നിർദേശം കൊടുത്തു. ഇതേത്തുടർന്ന് ജലവിതരണം നിർത്തിവെക്കുകയും പൈപ്പിൻ്റെ അറ്റകുറ്റപണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയും ജലവിതരണത്തിലെ തടസ്സം പരമാവധി ഒഴിവാക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു.

കേരള വാട്ടർ അതോറിറ്റി കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെയും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കണമെന്നും, പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ പൈപ്പിലേക്കുള്ള ജലപ്രവാഹം നിർത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് അടിയന്തിരപ്രധാന്യത്തോടെ അറ്റകുറ്റപ്പണികൾ നടത്തി രാത്രി 10 മണിയോടെ പമ്പിംഗ് പുനരാരംഭിക്കുകയും അർധരാത്രി 12 മണിയോടെ ജലവിതരണം പൂർണമായും പൂർവസ്ഥിതിയിലാക്കുകയും ചെയ്തിട്ടുണ്ട്.

കേരള വാട്ടർ അതോറിറ്റിയുടെ കാര്യക്ഷമവും ഏകോപിതവുമായ ഇടപെടലിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജലവിതരണം പൂർവസ്ഥിതിയിലാക്കാൻ സാധിച്ചത് മന്ത്രിയുടെയും സർക്കാരിൻ്റെയും അടിയന്തിര ഇടപെടലും കർശന നിർദേശവും പാലിച്ചുകൊണ്ട് ആവശ്യമായ പ്രവർത്തി നടത്താൻ ഉദ്യോഗസ്ഥർ തയ്യാറായതുകൊണ്ടാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ കാര്യാലയവും വാട്ടർ അതോറിറ്റിയുടെ ചീഫ് ഓഫീസും ഒരുമണിക്കൂർ ഇടവിട്ട് ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്ന വിധത്തിൽ ജാഗ്രത കാണിച്ചു. സർക്കാരിൻ്റെ കൃത്യമായ ഇടപെടൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വ ബോധത്തോടെ ജോലി ചെയ്ത് പൂർത്തിയാക്കുന്നതിന് പ്രേരകമായിതീർന്നു.

വാട്ടർ അതോറിറ്റിയിൽ പൈപ്പ് പൊട്ടിയാൽ ആഴ്ചകളോളം നാഥനില്ലാതെ കിടക്കുന്ന ദുരവസ്ഥ ആവർത്തിക്കാൻ പാടില്ലെന്നുള്ള ജലവിഭവ വകുപ്പ് മന്ത്രിയുടെ കർശന നിർദേശം ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിച്ചതായിട്ടാണ് പേരാമ്പ്ര അനുഭവം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ ജലവിതരണം തടസപ്പെട്ട സാഹചര്യം പുനഃസ്ഥാപിക്കാൻ സമയോചിതമായി കഴിയാതെ ഉണ്ടായ അനാസ്ഥയെ കുറിച്ച് ജലവിഭവ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൻ്റെ തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് ഉണ്ടായതിനേക്കാൾ ഗുരുതരമായ സ്ഥിതിയിൽ പേരാമ്പ്രയിൽ പൈപ്പ് പൊട്ടൽ ഉണ്ടായെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞത് കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സമീപന മാറ്റത്തിൻ്റെ പുത്തൻ മാതൃകയായി തീർന്നിട്ടുണ്ട്.

ഉത്തരവാദിത്വ പൂർണമായി പേരാമ്പ്രയിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സർക്കാരിന് വേണ്ടി അഭിനന്ദിച്ചു.

Post a Comment

0 Comments