Ticker

6/recent/ticker-posts

റീൽസും സ്റ്റോറീസും ഇനി വലിയ സ്ക്രീനിൽ കാണാം; 'ഇൻസ്റ്റഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിലേക്കെത്തുമെന്ന് മെറ്റ


​കൊച്ചി: സ്മാർട്ട്ഫോണുകൾക്ക് പുറമെ ടെലിവിഷൻ സ്ക്രീനുകളിലേക്കും ഇൻസ്റ്റഗ്രാം വ്യാപിപ്പിക്കാൻ ഒരുങ്ങി മെറ്റ. 'ഇൻസ്റ്റഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രിയപ്പെട്ട ക്രിയേറ്റർമാരുടെ റീൽസുകളും മറ്റ് വീഡിയോ ഉള്ളടക്കങ്ങളും വലിയ സ്ക്രീനിൽ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് കാണാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
​വൈഡ്സ്ക്രീൻ കാഴ്ചയ്ക്ക് അനുയോജ്യമായ ഹൊറിസോണ്ടൽ വീഡിയോകൾ ഉൾപ്പെടെയുള്ള റീൽസും സ്റ്റോറീസും ടിവിയിൽ കാണാം. ഫോട്ടോകളും ക്രിയേറ്റർ പ്രൊഫൈലുകളും പരിശോധിക്കാനും ഇതിൽ സാധിക്കും. ഓട്ടോമാറ്റിക് പ്ലേബാക്ക് സംവിധാനം ഉള്ളതിനാൽ സ്മാർട്ട്ഫോണിലേതുപോലെ ഓരോ വീഡിയോയും സ്വൈപ്പ് ചെയ്ത് മാറ്റേണ്ടതില്ല; റീൽസ് തനിയെ പ്ലേ ചെയ്തുകൊണ്ടിരിക്കും. ടിവി റിമോട്ട് ഉപയോഗിച്ച് ഇവ എളുപ്പത്തിൽ നിയന്ത്രിക്കാനാകും.
​ഉപയോക്താക്കളുടെ താല്പര്യങ്ങൾക്കും അവർ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾക്കും അനുസരിച്ച് റീൽസുകളെ പ്രത്യേക ചാനലുകളായി ക്രമീകരിച്ചിരിക്കും. ഫോണും ടിവിയും ഒരേ വൈ-ഫൈ നെറ്റ്‌വർക്കിൽ കണക്ട് ചെയ്ത ശേഷം സ്മാർട്ട്ഫോണിലെ റീൽസുകൾ നേരിട്ട് ടിവിയിലേക്ക് കാസ്റ്റ് ചെയ്ത് കാണാൻ കഴിയും. സുഹൃത്തുക്കൾ പങ്കുവെക്കുന്നതും അവർക്കിടയിൽ പ്രചാരത്തിലുള്ളതുമായ വീഡിയോകൾ ഒരുമിച്ച് കാണാൻ പ്രത്യേക ഫ്രണ്ട്സ് ടാബും ഉണ്ടായിരിക്കും.
​ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയിൽ ഇൻസ്റ്റഗ്രാം ഫോർ ടിവി ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു. എന്നാൽ ആപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്ന കൃത്യമായ തീയതി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Post a Comment

0 Comments