Ticker

6/recent/ticker-posts

രണ്ട് ട്രോളർ ബോട്ടുകൾ കസ്റ്റഡിയിലെടുത്ത് 30,000 രൂപ പിഴ ചുമത്തി



കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കരവലി നടത്തിയ രണ്ട് മത്സ്യബന്ധന ട്രോളർ ബോട്ടുകൾ ഫിഷറീസ് വകുപ്പ്, ബേപ്പൂർ കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. കപ്പക്കൽ ഭാഗത്തെ തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നടത്തിയ പരിശോധനയിലാണ് രണ്ട് ബോട്ടുകൾ പിടികൂടിയത്. പിടിച്ചെടുത്ത ബോട്ടുകൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. കെ. മനോജിന് കൈമാറുകയും നിയമനടപടികൾക്ക് ശേഷം 30000 രൂപ പിഴ ചുമത്തുകയും ചെയ്തു. 

ബേപ്പൂർ കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ സത്യൻ, സി.പി.ഒ. ജിത്തു, കോസ്റ്റൽ വാർഡൻ മുനീർ, എന്നിവരടങ്ങുന്ന കോസ്റ്റൽ പോലീസ് ടീമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അനധികൃത മത്സ്യബന്ധനം തടയുന്നതിന് രാത്രിയിലും പരിശോധനയും പട്രോളിംഗും കർശനമാക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

കടൽ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മത്സ്യബന്ധനം നടത്താം. എന്നാൽ ഈ മേഖലയിൽ ട്രോളർ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുമതിയില്ല. ട്രോളർ ബോട്ടുകൾ തീരത്തോട് ചേർന്ന് അടിത്തട്ടിൽ ട്രോളിങ് നടത്തുന്നത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മത്സ്യലഭ്യത കുറയുന്നതിനും മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ച് മത്സ്യസമ്പത്ത് കുറയുന്നതിനും കാരണമാകുന്നു.

Post a Comment

0 Comments