കൊയിലാണ്ടി: കൊയിലാണ്ടിയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന 'വിഷൻ കൊയിലാണ്ടി 2040' പദ്ധതിയുടെ ഭാഗമായുള്ള വികസന കോൺക്ലേവ് നവംബർ 27 വെള്ളിയാഴ്ച നടക്കും. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പരിപാടി. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2040-ൽ കൊയിലാണ്ടി എങ്ങനെയായിരിക്കണം എന്ന ദീർഘവീക്ഷണത്തോടെയുള്ള ചർച്ചകൾക്കാണ് കോൺക്ലേവ് വേദിയാകുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി, വ്യവസായം, തൊഴിൽ, ടൂറിസം, പരിസ്ഥിതി, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങി വികസനത്തിന്റെ സമസ്ത മേഖലകളിലും കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചും, അവ യാഥാർത്ഥ്യമാക്കാൻ ഇന്നുതന്നെ തുടങ്ങേണ്ട പദ്ധതികളെക്കുറിച്ചും വിവിധ മേഖലകളിലെ വിദഗ്ധരും അനുഭവസമ്പന്നരും ആശയങ്ങൾ പങ്കുവെക്കും.
കോൺക്ലേവിന് മുന്നോടിയായി നവംബർ 25, 26 തീയതികളിൽ 'കൊയിലാണ്ടി: ഇന്നലെ, ഇന്ന്, നാളെ' എന്ന പേരിൽ പ്രത്യേക പ്രദർശനം സ്റ്റേഡിയം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കോൺക്ലേവിൽ സംബന്ധിക്കും. നാടിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള ക്രിയാത്മകമായ നിർദേശങ്ങളും പ്രവർത്തനോന്മുഖമായ തീരുമാനങ്ങളും രൂപപ്പെടുത്തുന്ന ഈ സംഗമത്തിൽ, വികസന തൽപ്പരരായ എല്ലാവരും മുഴുവൻ സമയ പ്രതിനിധികളായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൊയിലാണ്ടിയിൽ നടന്ന പത്രസമ്മേളനത്തിൽ എംഎൽഎ അഡ്വ: പ്രവീൺകുമാർ, കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ , പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയബോസ് , തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ എന്നിവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.