കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം മരത്തിൽ നിന്ന് വീണ് അപകടത്തിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിക്ക് കൃത്യസമയത്ത് സി.പി.ആർ (CPR) നൽകി ജീവൻ രക്ഷിച്ച് സിവിൽ ഡിഫെൻസ് വളണ്ടിയർ. വടകര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് കീഴിലെ സിവിൽ ഡിഫെൻസ് അംഗമായ അർഷാദ് പയ്യോളിയാണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെ ജീവൻ കാത്തത്.പട്ടത്തിന്റെ നൂലിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാനായി മരത്തിൽ കയറിയ അന്യസംസ്ഥാന തൊഴിലാളി രാം ഹരി വർമ്മ (42) കൊമ്പ് ഒടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. അപകടം കണ്ടയുടൻ ഓടിയെത്തിയ അർഷാദ്, രാം ഹരി വർമ്മയ്ക്ക് ശ്വാസവും നാഡിമിടിപ്പും ഇല്ലെന്ന് മനസ്സിലാക്കുകയും ഉടൻ തന്നെ സി.പി.ആർ നൽകാൻ ആരംഭിക്കുകയും ചെയ്തു. തലയിലേറ്റ ആഴത്തിലുള്ള മുറിവിൽ സ്വന്തം ഷർട്ട് അഴിച്ചെടുത്ത് കെട്ടി രക്തസ്രാവം തടഞ്ഞു.തുടർന്ന് ആ വഴിവന്ന പോലീസ് വാഹനത്തിൽ കയറ്റി, ആശുപത്രിയിലേക്ക് പോകും വഴിയും സി.പി.ആർ നൽകുന്നത് തുടർന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ രാം ഹരി വർമ്മ സ്വന്തമായി ശ്വാസമെടുക്കാൻ തുടങ്ങി. തക്ക സമയത്ത് സമയോചിതമായി ഇടപെട്ട അർഷാദിനെ ഡോക്ടർമാരും പോലീസും അഭിനന്ദിച്ചു. സിവിൽ ഡിഫെൻസിൽ നിന്ന് ലഭിച്ച പരിശീലനമാണ് ജീവൻ രക്ഷിക്കാൻ തുണയായതെന്ന് അർഷാദ് പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാം ഹരി വർമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.