Ticker

6/recent/ticker-posts

വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ ആക്രമണം: ലഹരി കേസിലെ പ്രതിയായ അധ്യാപികയെ ഭർത്താവ് കുത്തിപ്പരിക്കൽപ്പിച്ചു


​വടകര: വടകരയിലെ എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപിക കീർത്തനയെ ഭർത്താവ് പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് കുത്തിപ്പരിക്കൽപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ വടകര പോലീസ് സ്റ്റേഷൻ വളപ്പിലായിരുന്നു സംഭവം. ആക്രമണത്തിൽ കഴുത്തിലും ശരീരത്തിലുമായി കീർത്തനയ്ക്ക് അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം.
​എം.ഡി.എം.എ കേസ് ജാമ്യവ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഒപ്പിടാൻ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷനിൽ നിന്ന് ഒപ്പിട്ട് പുറത്തിറങ്ങുന്നതിനിടെ പിന്നാലെയെത്തിയ ഭർത്താവ് ഷിനോജ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ഇടപെട്ട് പ്രതിയെ കീഴടക്കുകയായിരുന്നു.
​പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുറച്ചുകാലമായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നും ദാമ്പത്യ തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്ന കീർത്തന ലഹരിമരുന്ന് വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലെ കണ്ണിയായി പ്രവർത്തിച്ചതിനാണ് നേരത്തെ അറസ്റ്റിലായത്.

Post a Comment

0 Comments