Ticker

6/recent/ticker-posts

ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

 

ഷാർജ: യു.എ.ഇയിലെ ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയായ ഡോ. അഫീന റഹീം (32) ആണ് മരണപ്പെട്ടത്. ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. പെട്ടെന്ന് കുഴഞ്ഞുവീണ അഫീനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിപാലിക്കുന്നതിനായി ജോലിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. അഫീനയുടെ ചെറിയ കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന ഭർതൃസഹോദരി റംഷീനയാണ് അടുക്കളയിൽ വീണുകിടക്കുന്ന അഫീനയെ ആദ്യമായി കണ്ടത്. ഉടൻ തന്നെ റംഷീന പ്രഥമശുശ്രൂഷയായി സി.പി.ആർ നൽകുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് യാസർ വ്യക്തമാക്കി. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിയമനടപടികളും മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കൾ.




Post a Comment

0 Comments