Ticker

6/recent/ticker-posts

വടകരക്കാരുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് പരിഹാരമാകുന്നു; ജില്ലാ ആശുപത്രിയിൽ അത്യാധുനിക കാത്ത് ലാബും പുതിയ ഡോക്ടർമാരുടെ നിയമനവും ഉടൻ

 



കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുന്നതിനുമായി തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിലെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരന്റെ ഓഫീസിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു. ആശുപത്രിയിൽ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളും രോഗികൾ നേരിടുന്ന പ്രയാസങ്ങളും വിശദമായി വിലയിരുത്തിയ യോഗത്തിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.

പ്രദേശവാസികളുടെ നീണ്ടനാളത്തെ ആവശ്യത്തിന് പരിഹാരമായി ഒരു കൺസൾട്ടന്റ് സർജനെയും ഒരു കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റിനെയും വടകര ജില്ലാ ആശുപത്രിയിൽ ഉടൻ തന്നെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായി. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് കൂടി ഉൾപ്പെടുത്തി ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കും. ആശുപത്രിയിൽ നിലവിലുള്ള ജീവനക്കാരുടെ അപര്യാപ്തത പൂർണ്ണമായും പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗം ധാരണയിലെത്തി.

ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ സൗജന്യമായി ഉറപ്പാക്കുന്നതിനും ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

വടകര എം.എൽ.എ കെ.കെ. രമ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. സുനിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി., കോഴിക്കോട് ഡി.എം.ഒ ഡോ. സരിത കുമാരി എൽ.റ്റി., ഫിനാൻസ് ഓഫീസർ അബ്ദുൾ മുനീർ കെ., ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹസ്രമോൾ എം.യു., വടകര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്യാം, യു.എൽ.സി.സി.എസ് (ULCCS) പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു


Post a Comment

0 Comments