Ticker

6/recent/ticker-posts

പയ്യോളിയിൽ ഗർഭിണിയായ യുവതി മരിച്ച സംഭവം:ദുരൂഹതയുണ്ടെന്ന് കുടുംബം

 



കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗർഭിണിയായ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അരിക്കുളത്തെ ഭർത്താവിന്റെ വീട്ടിൽ വെച്ച് ഷമീമയ്ക്ക് ക്രൂരമായി മർദ്ദനമേറ്റിരുന്നെന്നും മരണത്തിൽ കടുത്ത സംശയങ്ങളുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഒന്നരമാസം മുമ്പ് ഭർതൃവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷമീമ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.


ഫോണിലൂടെ പീഡനവിവരങ്ങൾ അറിയിച്ചിരുന്നതായി സഹോദരൻ

ഏഴ് മാസം ഗർഭിണിയായിരുന്ന ഷമീമയെ ഒന്നരമാസം മുമ്പാണ് ഭർത്താവ് നവാസിന്റെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്ന ഷമീമ ഇന്നലെയാണ് മരണപ്പെട്ടത്. ഭർത്താവ് തന്നോട് കാട്ടുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ഷമീമ തങ്ങളോട് ഫോണിൽ സംസാരിച്ചിരുന്നതായി സഹോദരൻ വെളിപ്പെടുത്തി. ചോദ്യം ചെയ്യാൻ ചെന്ന തന്നെയും കഴിഞ്ഞ ദിവസം ഭർത്താവ് നവാസ് കൈയ്യേറ്റം ചെയ്തതായി സഹോദരൻ കൂട്ടിച്ചേർത്തു.

  അന്വേഷണം ആരംഭിച്ച് പോലീസ്

മൂന്ന് വർഷം മുമ്പാണ് ഷമീമയും നവാസും തമ്മിലുള്ള വിവാഹം നടന്നത്. ഷമീമയ്ക്ക് ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. ഷമീമയുടെ മരണത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഷമീമയുടെ ബന്ധുക്കളുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ ഭർത്താവിന്റെ കുടുംബം, യുവതിക്ക് മറ്റ് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രതികരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം  മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി . ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൈദ്രോസ് മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.








Post a Comment

0 Comments