ചെന്നൈ: തമിഴ്നാട്ടിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് കുട്ടികളടക്കം ഏഴുപേർ ദാരുണമായി മരിച്ചു. അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മേൽ വാഹനം കയറിയിറങ്ങി.ദിണ്ടിഗൽ ജില്ലയിലെ വടമധുരൈക്ക് സമീപം കൊല്ലംപട്ടിയിലാണ് ആദ്യ അപകടം നടന്നത്. റോഡരികിൽ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികൾക്ക് നേരെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ ഡ്രൈവർ വേഗത്തിൽ ഓടിച്ചുപോയി.യോഗവർഷിണി (11), മോസികരൻ (6), അനന്യ (6), ധനുശ്രീ (5) എന്നീ കുട്ടികളാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വടമധുരൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അപകടമുണ്ടാക്കി രക്ഷപ്പെട്ട വാഹനത്തിനും ഡ്രൈവർക്കുമായി അന്വേഷണം ഊർജ്ജിതമാക്കി.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു തിരുവള്ളൂർ ജില്ലയിലെ പെരിയപാളയത്തിന് സമീപമുണ്ടായ രണ്ടാമത്തെ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.മുന്നിലുണ്ടായിരുന്ന ട്രക്കിനെ മറികടന്ന് ഇടതുവശത്തേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ലോഗനാഥന് ഓട്ടോയുടെ നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് ട്രക്കിൽ ഇടിച്ച് മറിയുകയുമായിരുന്നു.അപകടത്തിൽ ലോഗനാഥന്റെ ഭാര്യ പൂങ്കൊടി, ഭാര്യയുടെ അമ്മ രാധ, മരുമകൻ ഗോകുൽ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ലോഗനാഥൻ, മകൾ ധനലക്ഷ്മി, മറ്റൊരു മരുമകൻ പ്രശാന്ത് എന്നിവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.