Ticker

6/recent/ticker-posts

ഇന്ത്യയിൽ വാട്സാപ്പ് അക്കൗണ്ടുകൾ കൂട്ടത്തോടെ പൂട്ടി :സാങ്കേതിക പിഴവെന്ന് വിശദീകരണം

ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കളെ ആശങ്കയിലാക്കി അപ്രതീക്ഷിത അക്കൗണ്ട് വിലക്ക്. മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാതെയാണ് നിരവധിയാളുകളുടെ അക്കൗണ്ടുകൾ പെട്ടെന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയിലായ നിരവധിപേർ എക്സ് (X) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ അക്കൗണ്ട് നഷ്ടപ്പെട്ട വിവരവും നിരാശയും പങ്കുവെക്കുന്നുണ്ട്.
​അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ 24 മണിക്കൂർ നേരത്തേക്ക് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് എന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ, ഈ നടപടിക്ക് പിന്നിലെ കൃത്യമായ കാരണം ആപ്പ് കാണിക്കുന്നുമില്ല. പെട്ടെന്നുണ്ടായ ഈ പണിമുടക്ക് കാരണം ഔദ്യോഗിക-വ്യക്തിഗത ആവശ്യങ്ങൾക്കായി ആപ്പിനെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ബുദ്ധിമുട്ടിലായിട്ടുണ്ട്.
​അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വാട്സാപ്പ് ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ ഓട്ടോമേറ്റഡ് സെക്യൂരിറ്റി സിസ്റ്റത്തിന് സംഭവിച്ച സാങ്കേതിക പിഴവാകാം ഇതെന്നാണ് പ്രാഥമിക വിശദീകരണം. വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനുള്ള സുരക്ഷാ സംവിധാനങ്ങൾ ചിലപ്പോഴൊക്കെ അബദ്ധത്തിൽ സാധാരണ അക്കൗണ്ടുകളെയും ബ്ലോക്ക് ചെയ്യാറുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
​പരാതികൾ ഉയർന്നതോടെ ചില ഉപയോക്താക്കളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു നൽകിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ അക്കൗണ്ടുകളും ഉടൻ തന്നെ തിരികെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

Post a Comment

0 Comments