Ticker

6/recent/ticker-posts

സ്കൂൾ ക്വിസിൽ സവർക്കറെ പുകഴ്ത്തി ചോദ്യം ഉൾപ്പെടുത്തിയ സംഭവം; കർശന നടപടിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദ്ദേശം


തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി അന്വേഷണ ചുമതല നൽകിയത്. വിവാദമായ ക്വിസ് മത്സരം വിദ്യാഭ്യാസ വകുപ്പിന്റെയോ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയോ ഔദ്യോഗിക കലണ്ടർ പ്രകാരം സംഘടിപ്പിച്ചതല്ലെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ചു; കടുത്ത അമർഷം
ആഗസ്റ്റ് 6-ന് കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിലാണ് ഫ്രീഡം ക്വിസ് എന്ന പേരിൽ മത്സരം നടത്തിയത്. പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ സോഷ്യൽ സയൻസ് ക്ലബ്ബോ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ചരിത്രസത്യങ്ങൾക്ക് നിരക്കാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് മനഃപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
വിവാദത്തിന് കാരണം 'ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി' എന്ന ചോദ്യം
ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി സവർക്കറുടെ പേര് നൽകിയതാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്. സംഭവത്തിൽ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് പരാതി നൽകുകയും ഡിവൈഎഫ്ഐ ഡിഇഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.

Post a Comment

0 Comments