തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പങ്കെടുത്ത ചടങ്ങിലെ ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണ്ണമായും ആലപിച്ചതെന്ന് സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ഉദ്ഘാടന വേദിയിലെ റിഹേഴ്സൽ സമയത്തും വന്ദേമാതരം പൂർണ്ണമായും പാടിയിരുന്നു.
ലോക്ഭവൻ ഗേറ്റിൽ വെച്ച് ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് സമാപന ഘോഷയാത്രയ്ക്ക് തുടക്കമായത്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസ് നിർദ്ദേശിച്ചിരുന്നതായി പ്രോട്ടോക്കോൾ വിഭാഗവും വ്യക്തമാക്കി.
സമാപന സമ്മേളനത്തിലും വർണ്ണാഭമായ ഘോഷയാത്രയിലും മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരൻ, കെ എ തുളസി, സി പി ജോൺ, റോജി എം ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
രാഷ്ട്രീയ വിവാദം
അതേസമയം, കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള തീരുമാനം അനുസരിച്ച് വന്ദേമാതരം പൂർണ്ണമായി ആലപിക്കാറില്ലെന്നിരിക്കെ, സമാപന ചടങ്ങിലെ പൂർണ്ണ ആലാപനം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. നേരത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് പുറപ്പെടുവിച്ച സർക്കുലർ വിവാദമായതിനെ തുടർന്ന് തിരുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായി പാടിയതും വലിയ വാർത്തയായിരുന്നു.
കണ്ണഞ്ചിക്കും കലാപ്രകടനങ്ങളോടെ ഘോഷയാത്ര
ടൂറിസം വകുപ്പ് സംഘടിപ്പിച്ച വർണ്ണാഭമായ ഘോഷയാത്രയിൽ നാടൻ കലകളും തനത് രൂപങ്ങളും ഉൾപ്പെടെ തൊണ്ണൂറ്റൊമ്പതോളം കലാരൂപങ്ങൾ അണിനിരന്നു. പുലിക്കളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. തമിഴ്‌നാട്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു. ഘോഷയാത്ര പ്രമാണിച്ച് തലസ്ഥാന നഗരിയിൽ ഞായറാഴ്ച കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.