ലഖ്നൗ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സ്കൂളിലേക്ക് സഞ്ചാരയോഗ്യമായ റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്. ദേശീയപതാക കൈയിലേന്തി മാതാപിതാക്കൾക്കൊപ്പം അഞ്ച് കിലോമീറ്ററോളം നടന്ന് കളക്ടറേറ്റിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തുകയായിരുന്നു. തുടർന്ന് നാല് മണിക്കൂറോളം കളക്ടറേറ്റിന് മുന്നിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ധർണ നടത്തി.
ചെളി നിറഞ്ഞ വഴി; യൂണിഫോമും ഷൂസും നശിക്കുന്നു
രാജ്യം സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു റോഡ് പോലും നിർമ്മിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മഴക്കാലമായതോടെ സ്കൂളിലേക്കുള്ള വഴി പൂർണ്ണമായും ചെളിയിൽ മുങ്ങി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ചെളിയിൽ വീണ് യൂണിഫോമും ഷൂസും നശിക്കുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിഷയം മുൻപും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന വാഗ്ദാനം നൽകി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ഉറപ്പ് ലഭിച്ചതോടെ സമരം അവസാനിപ്പിച്ചു
സംഭവം വിവാദമായതോടെ സബ് ഡിവിഷണൽ മജിസ്ട്രേറ്റും പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി. റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കാൻ തയ്യാറായത്. റോഡ് നിർമ്മിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികൾ.
പിന്തുണയുമായി രാഷ്ട്രീയ സംഘടനകൾ
വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ തിക് കരോ ക്യാമ്പയിൻ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.