സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്നുള്ള കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും വിലയിരുത്താൻ ജില്ലാ കളക്ടർമാർ, വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ നിലവിൽ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. മഴക്കെടുതികളിൽപെട്ട് സംസ്ഥാനത്ത് ഇതുവരെ 15 പേർ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം
മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്കായി അടിയന്തരമായി 10,000 രൂപ അനുവദിച്ചു. എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് ഫണ്ടുകളിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കും. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. തൊഴിലും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകും. സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായും, വീട് പൂർണ്ണമായും തകർന്നവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. 165 ഹെക്ടറിലെ കൃഷി നശിക്കുകയും 3,596 കർഷകരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നത് അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും.
രക്ഷാപ്രവർത്തനവും അണക്കെട്ടുകളിലെ സ്ഥിതിയും
ദുരിതബാധിത പ്രദേശങ്ങളിൽ ഫയർ ഫോഴ്‌സിനെയും എൻ.ഡി.ആർ.എഫ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്ന് എൻ.ഡി.ആർ.എഫ് ടീമുകളെ വിന്യസിച്ചു. കൂടാതെ രണ്ട് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്ന് 14 ബോട്ടുകളും, തിരുവനന്തപുരത്ത് 2 ഹെലികോപ്റ്ററുകളും സജ്ജമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ എത്തിക്കും.
സംസ്ഥാനത്തെ വലിയ അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ 38.91 ശതമാനവും ഇടമലയാറിൽ 46.64 ശതമാനവും മാത്രമാണ് നിലവിലെ ജലനിരപ്പ്. ചെറിയ അണക്കെട്ടുകൾ തുറക്കുന്നത് കളക്ടർമാരുടെ അനുമതിയോടെ മാത്രമായിരിക്കും. ഡാമുകൾ തുറന്നുവിടുന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത അതിതീവ്ര മഴയാണ് പലയിടത്തും ഉണ്ടായത്. ഭാവിയിൽ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കാൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഏജൻസികളുമായി സഹകരിച്ച് ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസിലിയൻസ് പ്രോഗ്രാം ശക്തമാക്കും. കൂടാതെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.