പേരാമ്പ്ര: അപകടങ്ങൾ പതിവാകുന്ന പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും കടുത്ത വാഹനാപകടം. പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ബൈപ്പാസിലെ പൈതോത്ത് റോഡ് ജംഗ്ഷന് സമീപമായിരുന്നു അപകടം.
കൂത്താളി സ്വദേശി ഞാറക്കാട്ട് സരിൻ (18), കോടേരിച്ചാൽ സ്വദേശി ദിജീഷ് (40), കൂവ്വപ്പൊയിൽ സ്വദേശി ബിജു (40), കല്പത്തൂർ സ്വദേശി രാജേഷ് (42) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
തെറിച്ച് താഴ്ചയിലേക്ക് വീണ് സ്കൂട്ടർ; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കക്കാട് ഭാഗത്ത് നിന്ന് കല്ലോട് ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു രണ്ട് വാഹനങ്ങളും. ശക്തമായ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിൽ നിന്ന് തെറിച്ച് പത്തടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സമീപത്തെ കൂറ്റൻ പരസ്യബോർഡിൽ തട്ടി നിന്നതിനാലാണ് താഴ്ചയിലേക്ക് മറിയാതെ വലിയൊരു ദുരന്തം ഒഴിവായത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു.
പരിക്കേറ്റവരെ കോഴിക്കോട്ടേക്ക് മാറ്റി
അപകടം നടന്നയുടൻ സമീപവാസികളും യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ പേരാമ്പ്ര സഹകരണ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സരിൻ, ദിജീഷ്, ബിജു എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ബൈപ്പാസിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.