Ticker

6/recent/ticker-posts

താജ്മഹൽ ശിവക്ഷേത്രമായിരുന്നു, പൂജയ്ക്ക് അനുവദിക്കണം'; ആഗ്ര കോടതികൾ തള്ളിയ ഹർജിയിൽ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

ലഖ്നൗ: ലോക അത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹലിൽ ശാസ്ത്രീയ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും (ASI) നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി. താജ്മഹൽ യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമാണെന്നും, അത് കണ്ടെത്താൻ ഒരു അഭിഭാഷക കമ്മീഷണറെ നിയമിച്ച് സർവേ നടത്തണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി നേരത്തെ ആഗ്ര കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹർജിക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി. ഹർജിക്കാർക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരിശങ്കർ ജയിനിന്റെ വാദങ്ങൾ കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് കേന്ദ്രത്തിനും എ.എസ്.ഐയ്ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
'തേജോ മഹാലയ' ശിവക്ഷേത്രമെന്ന് വാദം; പൂജയ്ക്ക് അനുമതി വേണം
താജ്മഹൽ നിൽക്കുന്ന സ്ഥലം യഥാർത്ഥത്തിൽ 'തേജോ മഹാലയ' എന്ന പുരാതന ശിവക്ഷേത്രമായിരുന്നു എന്നാണ് ഹർജിയിലെ പ്രധാന വാദം. പതിനെട്ടാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഈ ക്ഷേത്രം പിടിച്ചെടുത്ത് തകർക്കുകയും, പിന്നീട് അതിന് മുകളിലായി താജ്മഹൽ പണിയുകയുമായിരുന്നു എന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഹൈന്ദവ വിശ്വാസികൾക്ക് ഈ സ്മാരകത്തിനുള്ളിൽ ദർശനവും പൂജയും നടത്താൻ മൗലികാവകാശമുണ്ടെന്നും അതിനാൽ അതിനുള്ള അനുമതി നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
എ.ഡി 1155-56 കാലഘട്ടത്തിൽ രാജാ പരമർദി ദേവ് നിർമ്മിച്ച 'അഗ്രേശ്വർ മഹാദേവ് നാഗനാഥേശ്വര് വിരാജ്മാൻ ദേവൻ' പ്രതിഷ്ഠയായുള്ള ക്ഷേത്രമാണിതെന്നാണ് ഹർജിയിലെ അവകാശവാദം. താജ്മഹൽ ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കാൻ 109 പുരാവസ്തു സവിശേഷതകളും ചരിത്രപരമായ തെളിവുകളും ഉണ്ടെന്നും, സ്മാരകത്തിന്റെ മാർബിൾ താഴികക്കുടത്തിന് മുകളിലുള്ള 'കലശം' താമരദളങ്ങളാൽ അലങ്കരിക്കപ്പെട്ടതാണെന്നും ഇത് ഹിന്ദു ആരാധനാലയങ്ങളുടെ പ്രത്യേകതയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ആഗ്ര കോടതികൾ തള്ളിയ കേസ്
നേരത്തെ 2019-ൽ, താജ്മഹൽ സർവേ ചെയ്യാൻ കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, കൃത്യമായ റവന്യൂ രേഖകൾ ഹാജരാക്കാൻ വാദികൾക്ക് കഴിഞ്ഞില്ലെന്നും, ഹർജിയിൽ പറയുന്ന അതിരുകളും വിസ്തീർണ്ണവും (77 ബിഗാസ്) പ്രതികളുടെ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആഗ്രയിലെ അഡീഷണൽ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) അന്ന് ഈ അപേക്ഷ നിരസിച്ചു.
ഈ ഉത്തരവിനെതിരെ സമർപ്പിച്ച റിവിഷൻ ഹർജി ഈ വർഷം ഏപ്രിലിൽ ആഗ്രയിലെ അഡീഷണൽ ജില്ലാ ജഡ്ജിയും തള്ളുകയുണ്ടായി. താഴത്തെ കോടതികളുടെ ഈ രണ്ട് ഉത്തരവുകളെയും വെല്ലുവിളിച്ചാണ് ഹർജിക്കാർ ഇപ്പോൾ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

Post a Comment

0 Comments