Ticker

6/recent/ticker-posts

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി; അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിലയിരുത്തൽ


പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ചരിത്രപരമായ വിധി. കേസിൽ ഇരുഭാഗത്തിന്റെയും വിശദമായ വാദപ്രതിവാദങ്ങൾ കേട്ട ശേഷമാണ്, പ്രതി ചെയ്ത കുറ്റകൃത്യം 'അപൂർവ്വങ്ങളിൽ അപൂർവ്വമാണ്' എന്ന് ചൂണ്ടിക്കാട്ടി കോടതി തൂക്കുകയർ വിധിച്ചത്.
​വധശിക്ഷയ്ക്ക് പുറമെ പ്രതി ചെന്താമര 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പ്രതിക്ക് തുക നൽകാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ആവശ്യമായ ധനസഹായം നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്ന് വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.
​'പ്രതിക്ക് മാനസാന്തരമുണ്ടാകില്ല, സമൂഹത്തിന് ഭീഷണി'
​പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കുന്ന സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ കോടതി ശരിവെച്ചു. "ഞാൻ ഗാന്ധിയല്ല, അങ്ങോട്ട് പ്രശ്നത്തിന് പോകില്ല, ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല" എന്ന് പ്രതി കോടതിയിൽ പറഞ്ഞ കാര്യവും വിധിന്യായത്തിൽ പരാമർശിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിൽ മുൻപാകെ പ്രതി നേരിയ കുറ്റബോധം കാണിച്ചതൊഴിച്ചാൽ, കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
​ഇരകളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിരുന്നില്ല. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി ഈ ക്രൂരമായ കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളയാളാണെന്ന ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി ചൂണ്ടിക്കാട്ടി.
​പ്രതിക്ക് ഇനി ഒരു മാനസാന്തരത്തിനുള്ള സാധ്യതയില്ലെന്നും, സമൂഹത്തിനും സുധാകരന്റെ മക്കൾക്കും ഇയാൾ വലിയ ഭീഷണിയാണെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിന് വലിയ പ്രശ്നക്കാരനാണെങ്കിൽ വധശിക്ഷ നൽകാം എന്ന വിവിധ ഹൈക്കോടതി വിധികൾ മുൻനിർത്തിയാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഈ കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്.

Post a Comment

0 Comments