വടകര: വടകരയിൽ പതിനേഴുകാരനായ അഭിജിത് വീട്ടിനുള്ളിൽ ജീവനൊടുക്കിയ സംഭവം ആൾക്കൂട്ട മർദ്ദനത്തിലും പരസ്യമായ വിചാരണയിലും മനംനൊന്താണെന്ന് പരാതി. നാട്ടുകാരായ ആറംഗ സംഘം തങ്ങളെ അതിക്രൂരമായി മർദ്ദിച്ചെന്ന് ഒപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സുഹൃത്തുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഴിയൂർ സ്വദേശിയായ അഭിജിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുൻപാണ് നാട്ടുകാരായ ഒരു സംഘം യുവാക്കൾ അഭിജിത്തിനെയും സുഹൃത്തുക്കളെയും തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്.അഭിജിത്ത് ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് തന്ത്രപൂർവ്വം വിളിച്ചുവരുത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരായ യുവാക്കളുടെ ക്രൂരത. ലഹരി ഉപയോഗിക്കുന്ന കാര്യം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇവരെ നിർബന്ധിച്ച് കാറിലേക്ക് വലിച്ച് കയറ്റി കൊണ്ടുപോയി മർദ്ദിക്കാൻ ശ്രമിച്ചുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
അഭിജിത്തിനെ ഈ സംഘം വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നതിന്റെയും വിചാരണ ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പരസ്യമായ ആൾക്കൂട്ട വിചാരണയിലും മർദ്ദനത്തിലും കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്ന അഭിജിത്ത് ഇതിന്റെ സങ്കടത്തിലാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.