Ticker

6/recent/ticker-posts

മേപ്പയൂരിൽ പോലീസിന്റെ സമയോചിത ഇടപെടൽ; തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിന് സിപിആർ നൽകി ജീവൻ തിരികെ പിടിച്ച് ഉദ്യോഗസ്ഥർ


മേപ്പയൂർ: കുടുംബവഴക്കിനെ തുടർന്ന് വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് മേപ്പയൂർ പോലീസ്. പോലീസിന്റെ സമയോചിതമായ ഇടപെടലും കൃത്യസമയത്ത് നൽകിയ സിപിആറും (CPR) കാരണമാണ് യുവാവിന് ജീവൻ തിരികെ ലഭിച്ചത്. കഴിഞ്ഞ ജൂൺ 2-ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
മഞ്ഞക്കുളത്തുള്ള ഒരു യുവതി മേപ്പയൂർ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച്, ഭർത്താവ് വീട്ടിൽ ബഹളമുണ്ടാക്കി തങ്ങളെ മർദ്ദിക്കുകയാണെന്നും അടിയന്തരമായി സഹായിക്കണമെന്നും അഭ്യർത്ഥിക്കുകയായിരുന്നു. ഫോൺ അറ്റൻഡ് ചെയ്ത എസ്‌സിപിഒ ബിജു വിവരത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻ തന്നെ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് എസ്ഐ സജീവും എസ്‌സിപിഒ ലസിത്തും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രദേശപരിചയം ഉണ്ടായിരുന്നതിനാൽ മിനിറ്റുകൾക്കകം പോലീസ് സംഘം വീട്ടിലെത്തി.
പിൻവാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക്, രക്ഷകരായി പോലീസ്
പോലീസ് ജീപ്പ് എത്തുമ്പോൾ യുവാവ് ബെഡ്റൂമിൽ കയറി കതകടച്ചിരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പലതവണ വിളിച്ചിട്ടും കതക് തുറക്കാൻ തയ്യാറായില്ല. തുടർന്ന് സംശയം തോന്നിയ എസ്ഐ സജീവും എസ്‌സിപിഒ ലസിത്തും ചേർന്ന് വീടിന്റെ പിൻവശത്തെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു. ഈ സമയം മുറിയിലെ ഫാനിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു യുവാവ്.
ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് മുണ്ട് അറുത്തുമാറ്റി യുവാവിനെ താഴെയിറക്കി. പ്രാഥമിക പരിശോധനയിൽ ജീവന്റെ ലക്ഷണങ്ങൾ കാണിക്കാതിരുന്ന യുവാവിനെ മരണത്തിന് വിട്ടുകൊടുക്കാൻ പോലീസ് തയ്യാറായില്ല. പ്രതീക്ഷ കൈവിടാതെ എസ്ഐ സജീവും എസ്‌സിപിഒ ലസിത്തും ചേർന്ന് മാറിമാറി പലതവണ യുവാവിന് സിപിആർ നൽകി. ഇതോടെ യുവാവിന്റെ ശ്വാസം തിരിച്ചുകിട്ടി.
ഇതിനിടെ സ്റ്റേഷനിൽ നിന്നും എസ്‌സിപിഒ ബിജു മേപ്പയൂർ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വേഗത്തിൽ സ്ഥലത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഉടൻ തന്നെ യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി.

Post a Comment

0 Comments