കൊണ്ടോട്ടി: മലപ്പുറത്ത് നടുറോഡിൽ മുട്ടിലിഴഞ്ഞ ചോരക്കുഞ്ഞിന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. വലിയൊരു അപകടം തൊട്ടുപിന്നാലെ വരുമായിരുന്ന നിമിഷത്തിലാണ് ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കുഞ്ഞിന്റെ ജീവൻ തിരിച്ചുനൽകിയത്. പുതിയേടത്തുപറമ്പ് - ഫറൂഖ് റൂട്ടിൽ സർവീസ് നടത്തുന്ന 'സഫ മർവ' ബസിലെ ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും ചേർന്നാണ് കുട്ടിയെ എടുത്തത്
മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റത്ത് വെച്ചായിരുന്നു കുഞ്ഞിനെ കണ്ടതും ഒടുവിൽ ആശ്വാസകരവുമായി മാറിയ ഈ സംഭവം നടന്നതും. ബസ് ഒരു വലിയ വളവിലേക്ക് പ്രവേശിച്ചപ്പോഴാണ് ഡ്രൈവർ രാമചന്ദ്രൻ റോഡിന് നടുവിൽ എന്തോ ഇളകുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു കുഞ്ഞാണെന്ന് തിരിച്ചറിയുകയും ഒട്ടും സമയം കളയാതെ വണ്ടി ബ്രേക്ക് ചെയ്ത് നിർത്തുകയുമായിരുന്നു.
ബസ് നിന്നയുടൻ മറ്റ് വാഹനങ്ങൾ വശങ്ങളിൽ നിന്നും വരുന്നതിന് മുൻപ് തന്നെ കണ്ടക്ടർ നവാസ് വേഗത്തിൽ ഓടിയിറങ്ങി കുഞ്ഞിനെ റോഡിൽ നിന്നും വാരിയെടുത്തു. റോഡിന് സമീപത്തെ വീട്ടിൽ താമസിക്കുന്ന റമീസിന്റെ മകനാണ് ഇഴഞ്ഞ് നടുറോഡിലെത്തിയത്. റോഡിൽ നിന്നും ഏകദേശം 50 മീറ്ററോളം അകലെയുള്ള വീട്ടിൽ നിന്നാണ് കുട്ടി ആരുമറിയാതെ പുറത്തേക്ക് കടന്നത്. കുഞ്ഞ് വീടുവിട്ട് പോയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
കുഞ്ഞിനെ സുരക്ഷിതമായി ബസ് ജീവനക്കാർ വീട്ടുകാരെ ഏൽപ്പിച്ചപ്പോഴാണ് കുടുംബത്തിന് ശ്വാസം നേരെ വീണത്. ജീവനക്കാരുടെ ജാഗ്രതയെയും സമയോചിതമായ ഇടപെടലിനെയും നാട്ടുകാരും യാത്രക്കാരും ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.