Ticker

6/recent/ticker-posts

നിർത്താതെ പോയ കാർ ആംബുലൻസിലടക്കം ഇടിച്ചു; കാപ്പാ കേസ് പ്രതിയെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ


കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി. നിരവധി അടിപിടി, മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മന്താട്ടിൽ അജ്മലിനെയും ഒപ്പമുണ്ടായിരുന്ന യുവതിെയയുമാണ് പോലീസ് സാന്നിധ്യത്തിൽ ആൾക്കൂട്ടം മർദ്ദിക്കുകയും വിചാരണ ചെയ്യുകയും ചെയ്തത്. ഇന്നലെ വൈകീട്ടോടെയായിരുന്നു നാടകീയ സംഭവങ്ങൾ. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടായിരുന്നു നാട്ടുകാരുടെ മർദ്ദനം. അജ്മലിനെ മുൻപ് പോലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കക്കട്ടിൽ വെച്ച് അജ്മലും യുവതിയും സഞ്ചരിച്ച കാർ ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച് നിർത്താതെ പോയിരുന്നു. ഇതിൽ ഓട്ടോയിലുണ്ടായിരുന്നവർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ ഈ കാർ കണ്ടെത്തുകയും പോലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയുമായിരുന്നു.
പോലീസ് പിന്തുടരുന്നത് അറിഞ്ഞതോടെ അജ്മൽ അമിതവേഗതയിൽ കാറോടിച്ചു പോവുകയും, യാത്രാമധ്യേ ആംബുലൻസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങളിൽ കൂടി ഇടിക്കുകയും ചെയ്തു. എന്നിട്ടും നിർത്താതെ പാഞ്ഞ വാഹനം ഒടുവിൽ നീലേച്ചുകുന്നിൽ വെച്ചാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് തടഞ്ഞുനിർത്തിയത്.
പോലീസ് സാന്നിധ്യത്തിൽ ആൾക്കൂട്ട മർദ്ദനം
വണ്ടി തടഞ്ഞതിന് പിന്നാലെ പ്രതികളെ കാറിൽ നിന്ന് പിടിച്ചിറക്കി നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇത് തടയാൻ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇവരുടെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും, വാഹനത്തിൽ നിന്ന് ലഹരിമരുന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്

Post a Comment

0 Comments